ന്യൂഡൽഹി: ലിവ് ഇൻ പങ്കാളിയെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ച കേസിൽ പൊലീസ് പിടിയിലായ പ്രതി അഫ്താബ് പുനെവാലയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡൽഹിയിലെ സാകേത് കോടതിയിലാണ് ഹാജരാക്കുക. ഇയാളുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് കോടതിയിൽ ഹാജരാക്കുന്നത്. അന്വേഷണം പൂർത്തിയാകാത്തതിനാൽ കസ്റ്റഡി കാലാവധി നീട്ടാൻ പൊലീസ് ആവശ്യപ്പെടുമെന്നാണ് കരുതുന്നത്.
മെയ് 18നാണ് 28 കാരനായ പൂനെവാല 27 കാരിയായ ശ്രദ്ധ വാൽക്കറെ ഛതർപുർ പഹാഡിയിലെ ഫ്ലാറ്റിൽ വെച്ച് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം മൃതദേഹം കഷണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ചത്. വ്യാഴാഴ്ച നടത്തിയ നുണ പരിശോധനയിൽ ഭൂരിഭാഗം ചോദ്യങ്ങൾക്കും ഇയാൾ ഒഴിഞ്ഞുമാറിയിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
നവംബർ 12നാണ് പൂനെവാലയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രോഹിണിയിലെ ഫോറൻസിക് സയൻസ് ലബോറട്ടിയിൽ എട്ട് മണിക്കൂർ നീണ്ട നുണ പരിശോധനയാണ് നടത്തിയത്. ഇയാൾ അതിബുദ്ധി കാണിക്കുകയാണ്. സാധാരണയുള്ള പ്രാധാന്യമില്ലാത്ത ചോദ്യങ്ങൾക്ക് മുറപടി നൽകുകയും പ്രധാന ചോദ്യങ്ങൾക്ക് ഒഴിഞ്ഞുമാറുകയുമാണ് ഇയാൾ ചെയ്തത്. ഇയാൾക്ക് നുണപരിശോധനാ നടപടികളെ കുറിച്ച് കൃത്യമായി അറിയാമെന്നതാണ് ഇത് തെളിയിക്കുന്നതെന്നും അധികൃതർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.