ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ അന്വേഷണം വിപുലമാക്കി പൊലീസ്. ആം ആദ്മി പാർട്ടി പ്രവർത്തകരാണ് പോസ്റ്റർ പതിച്ചതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതിയായ അരവിന്ദ് ഗൗതം ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
രണ്ടുദിവസം മുമ്പാണ് ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ മോദിയെ വിമർശിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 'മോദിജി, നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ പ്രധാനമന്ത്രി എന്തിന് വിദേശരാജ്യങ്ങൾക്ക് അയച്ചുകൊടുത്തു?' എന്നെഴുതിയ എഴുതിയ പോസ്റ്ററുകളാണ് പതിച്ചത്. രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനം രൂക്ഷമാകുേമ്പാഴും വിദേശ രാജ്യങ്ങളിലേക്ക് വാക്സിനുകൾ കയറ്റി അയച്ചതിനെതിരെയാണ് വിമർശനം.
പോസ്റ്റർ പതിച്ചതിനെതിരെ മേയ് 12ന് പൊലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും 17ഓളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സി.സി.ടി.വി ദൃശങ്ങളടക്കം പരിശോധിച്ച് വിപുലമായ രീതിയിലായിരുന്നു അന്വേഷണം. നിയമവ്യവസ്ഥയെ അനാദരിച്ചു, പൊതുസ്ഥലം വൃത്തികേടാക്കി എന്നിവ ചൂണ്ടിക്കാട്ടിയാണ് കേസ്. 500 രൂപ പ്രതിഫലം വാങ്ങിയാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് അറസ്റ്റിലായവർ മൊഴി നൽകി. എ.എ.പി പ്രവർത്തകരാണ് പണം നൽകിയതെന്നും അവർ പറഞ്ഞതായി പൊലീസ് അറിയിച്ചു. മംഗോൾപുരി പ്രദേശത്ത് 47ാം വാർഡിലെ എ.എ.പി പ്രസിഡന്‍റാണ് ഗൗതമെന്നും പൊലീസ് പറഞ്ഞു.
'പോസ്റ്ററിൽ പ്രിൻറിങ് പ്രസിന്‍റെയോ പബ്ലിഷറുടെയോ പേരുകൾ സൂചിപ്പിച്ചിട്ടില്ല. പ്രതികളിലൊരാളായ രാഹുലിന് ഗൗതം വാട്സ്ആപിലൂടെ അറിയിപ്പ് നൽകുകയും പോസ്റ്റർ പ്രിന്‍റ് ചെയ്യുന്നതിനും പതിക്കുന്നതിനും 9000 രൂപ നൽകുകയുമായിരുന്നു' - പൊലീസ് പറയുന്നു.
പോസ്റ്റർ പതിച്ചവരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.