മോദി യുഗത്തിൽ രാജ്യം നേരിടുന്നത് 42 വർഷത്തിനിടയിലെ കടുത്ത തൊഴിലില്ലായ്മ; ലക്ഷ്യം കള്ളം പറഞ്ഞ് അധികാരത്തിലെത്തുക മാത്രം - ആം ആദ്മി പാർട്ടി

ന്യൂഡൽഹി: 42 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് മോദി ഭരണത്തിന് കീഴിൽ രാജ്യത്തുള്ളതെന്ന് ആം ആദ്മി പാർട്ടി. ജനങ്ങളോട് കള്ളം പറഞ്ഞ് വോട്ട് നേടി വീണ്ടും ഭരിക്കുകയെന്ന ലക്ഷ്യം മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളതെന്നും എ.എ.പി രാജ്യസഭ എം.പി സഞ്ജയ് സിങ് പറഞ്ഞു.

നേരത്തെ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ഏറെക്കാലമായി ഇന്ത്യയെ കോടിക്കണക്കിന് വിശക്കുന്ന വയറുകളുള്ള രാജ്യമെന്നായിരുന്നു അറിയപ്പെട്ടിരുന്നതെന്നും ഇന്ന് ഇന്ത്യ ഉയർച്ചകളുടേതായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. വ്യാജ വാർത്തകളും വ്യാജ പരാമർശങ്ങളും രാജ്യത്തെ ക്രമസമാധാനത്തെ ബാധിക്കുമെന്നും ഇത് രാജ്യത്തെ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്നും സഞ്ജയ് സിങ് പറഞ്ഞു. രാജ്യത്ത് ഉയർന്ന് വരുന്ന പല വ്യാജ വാർത്തകൾക്കും പിന്നിൽ കേന്ദ്ര സർക്കാരാണെന്നും എ.എ.പി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ രാജ്യത്ത് മരുന്നുവിലയും ഇന്ധനവിലയും ക്രമാതീതമായി ഉയർന്നിട്ടുണ്ട്. മോദിയുടെ കീഴിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 42 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. നിരവധി യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്തുള്ള അഗ്നിവീർ പദ്ധതി നിലവിൽ വരികയും യുവാക്കൾ കബളിപ്പിക്കപ്പെടുകയും ചെയ്തു. കള്ളപ്പണം പിടിച്ചെടുക്കുമെന്നും എല്ലാ പൗരന്മാർക്കും പതിനഞ്ച് ലക്ഷം വീതം നൽകുമെന്നും പറഞ്ഞിരുന്നുവെന്നും അതിന് പിന്നീട് എന്ത് സംഭവിച്ചു എന്നതിൽ യാതൊരു ധാരണയുമില്ലെന്നും എം.പി കൂട്ടിച്ചേർത്തു. 80 കോടി ജനങ്ങൾക്ക് റേഷൻ നൽകാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് മോദി ഭരണത്തിൽ ജനജീവിതം താറുമാറായിട്ടുണ്ടെന്ന തിരിച്ചറിവ് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യ ഒരു വികസിത രാജ്യമാകുമെന്നും അഴിമതിക്കും ജാതീയതയ്ക്കും വർഗീയതയ്ക്കും അവിടെ സ്ഥാനമുണ്ടാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

'2047ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമാകും. അഴിമതിക്കും ജാതീയതയ്ക്കും വർഗീയതയ്ക്കും നമ്മുടെ ദേശീയ ജീവിതത്തിൽ സ്ഥാനമുണ്ടാകില്ല​'- പ്രധാനമന്ത്രി പറഞ്ഞു.

ലോകം ഇപ്പോൾ ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ്. നമ്മുടെ വാക്കുകളും കാഴ്ചപ്പാടുകളും ലോകം കാണുന്നത് മാർഗദർശനമായിട്ടാണ്. ഇന്ത്യയെ കുറിച്ച് ലോകത്തിന്റെ കാഴ്ചപ്പാട് മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഏറെ കാലമായി നൂറുകോടി വിശക്കുന്ന വയറുകളുടെ രാജ്യമായാണ് ഇന്ത്യയെ കണ്ടിരുന്നത്. എന്നാൽ ഇപ്പോഴത് നൂറുകോടി അഭിലാഷമനസുകളും രണ്ട് ബില്യൺ വൈദഗ്ധ്യമുള്ള കൈകളുമായി അത് മാറി. അടുത്ത 1,000 വർഷത്തേക്ക് ഓർമിക്കപ്പെടുന്ന വളർച്ചക്ക് അടിത്തറ പാകാനുള്ള മികച്ച അവസരമാണ് ഇന്ത്യക്കാർക്ക് ഇന്ന് ലഭിച്ചിരിക്കുന്നത്. ഒരു കാലത്ത് ഒരു വലിയ വിപണിയായി മാത്രം കണ്ടിരുന്ന ഇന്ത്യ ഇപ്പോൾ ആഗോള വെല്ലുവിളികൾക്കുള്ള പരിഹാരത്തിന്റെ ഭാഗം കൂടിയാണ്. ഇന്ത്യയുടെ ജി20 ​ആതിഥേയത്വം മൂന്നാം ലോക രാജ്യങ്ങളിലും ആത്മവിശ്വാസത്തിന്റെ വിത്ത് പാകി. ജി20 ഉച്ചകോടിയിലെ ചില നേട്ടങ്ങൾ തനിക്ക് വ്യക്തിപരമായി പ്രിയപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Tags:    
News Summary - AAP criticizes PM Modi says India facing worst phase of unemployement under modi regime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.