ന്യുഡൽഹി: ആം ആദ്മി പാർട്ടിക്ക് കള്ളം പറയുന്ന ശീലമുണ്ടെന്ന് കേന്ദ്ര കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷി. കൽക്കരി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ജോഷിയെ കണ്ടതായും രാജ്യത്ത് കൽക്കരി ക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയതായും എ.എ.പിയുടെ രാജ്യസഭ എം.പി രാഘവ് ഛദ്ദ പറഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
പഞ്ചാബ് ഉൾപ്പെടെയുള്ള 16ലധികം സംസ്ഥാനങ്ങളിൽ രണ്ട് ദിവസങ്ങളിലേക്കുള്ള കൽക്കരി മാത്രമേ അവശേഷിക്കുന്നുള്ളുവെന്നും കേന്ദ്ര സർക്കാർ ഉത്തരവാദിത്തം നിറവേറ്റണമെന്നും രാഘവ് ഛദ്ദ പറഞ്ഞിരുന്നു. എന്നാൽ ഛദ്ദ പറഞ്ഞതെല്ലാം നുണകളാണെന്നും എന്നെ കണ്ടുവെന്ന് പറഞ്ഞ് നുണകൾ പ്രചരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പഞ്ചാബിലെ സൂപ്പർ മുഖ്യമന്ത്രി ഭഗവന്ത് മാനുമായും അരവിന്ദ് കെജ്രിവാളുമായും വളരെ അടുപ്പമുള്ളയാളാണ് ഛദ്ദയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ രാജ്യത്തിന് ആവശ്യത്തിനുള്ള കൽക്കരിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദാദ്രിയിലെയും ഉഞ്ചഹാറിലെയും 11 യൂനിറ്റ് പവർ പ്ലാന്റുകൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവയിൽ 2.3 ലക്ഷം ടൺ സ്റ്റോക്കുണ്ടെന്നും അത് ദിവസേന നിറക്കുന്നുണ്ടെന്നും ജോഷി സൂചിപ്പിച്ചു. രാജ്യത്തുടനീളം പത്ത് ദിവസത്തേക്കുള്ള സ്റ്റോക്ക് അവശേഷിക്കുന്നുണ്ട്. ഞങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.