ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതതിൽ പ്രതിഷേധിച്ച് സഭയിൽ മഞ്ഞ ടി-ഷർട്ടും കെജ്രിവാളിന്റെ മുഖംമൂടിയും ധരിച്ചെത്തി മുദ്രാവാക്യം മുഴക്കി എ.എ.പി എം.എൽ.എമാർ.
മേം ഭി കെജ്രിവാൾ (ഞാനും കെജ്രിവാൾ ആണ്) എന്നെഴുതിയ ടി-ഷർട്ട് ധരിച്ചാണ് മന്ത്രിമാരായ ആതിഷിയുടെയും സൗരഭ് ഭരദ്വാജിന്റെയും നേതൃത്വത്തിൽ എം.എൽ.എമാർ എത്തിയത്. സഭയുടെ നടുത്തളത്തിലിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കീഴിലുള്ള ‘സ്വേച്ഛാധിപത്യ’ത്തിനെതിരെ മുദ്രാവാക്യം മുഴക്കിയ അവർ പാർട്ടി ദേശീയ കൺവീനർ കെജ്രിവാളിനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതിഷേധത്തെ തുടർന്ന് സഭ നിർത്തിവെച്ചതോടെ പുറത്തുവന്ന എം.എൽ.എമാർ നിയമസഭക്ക് പുറത്തും പ്രകടനം നടത്തി. സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങുമായി തങ്ങളുടെ പ്രതിഷേധത്തെ ബന്ധപ്പെടുത്തിയാണ് മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചെത്തിയത്. കെജ്രിവാളിന്റെ അറസ്റ്റിന് ശേഷമുള്ള ആദ്യ അസംബ്ലി സെഷനായിരുന്നു ഇന്നത്തേത്. മാർച്ച് 22ന് നടക്കേണ്ടിയിരുന്ന സമ്മേളനം തലേന്നുണ്ടായ കെജ്രിവാളിന്റെ അറസ്റ്റിനെ തുടർന്ന് 27ലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.