ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് കാരണക്കാരനായ ഇ.ഡിയുടെ മാപ്പുസാക്ഷി ശരത് ചന്ദ്ര റെഡ്ഡി ഇലക്ടറൽ ബോണ്ടിലൂടെ ബി.ജെ.പിക്ക് പണം നൽകിയാണ് കേസിൽ മാപ്പുസാക്ഷിയായതെന്ന് ആം ആദ്മി പാർട്ടി. ഇതിന്‍റെ രേഖകൾ ആപ്പ് നേതാക്കളായ അതിഷി മർലേനയും സൗരഭ് ഭരദ്വാജും വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. ഡൽഹി മദ്യനയ കേസിലെ കെജ്രിവാളിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് സ്ഫോടനാത്മകമായ വിവരങ്ങൾ പുറത്തുവിടുമെന്ന് നേരത്തെ എ.എ.പി അറിയിച്ചിരുന്നു.
കെജ്രിവാളിനെതിരെ ഒരു കുറ്റവും തെളിയിക്കാനായിട്ടില്ലെന്ന് എ.എ.പി നേതാക്കൾ പറഞ്ഞു. കേസിൽ പ്രതിയായ ആളിപ്പോൾ മാപ്പുസാക്ഷിയാണ്. ജയിലിൽ കിടന്നപ്പോഴാണ് ശരത് ചന്ദ്ര റെഡ്ഡി നിലപാട് മാറ്റിയത്. മദ്യനയത്തിലൂടെ അഴിമതിപ്പണം മുഴുവനും കിട്ടിയത് ബി.ജെ.പിക്കാണെന്നും ആം ആദ്മി ആരോപിച്ചു.
കെജ്രിവാളിനെ ഒരിക്കലും കണ്ടിട്ടില്ലെന്നും ആം ആദ്മി പാർട്ടിയുമായി ബന്ധമില്ലെന്നുമാണ് 2022 നവംബറിൽ ശരത് ചന്ദ്ര റെഡ്ഡി മൊഴി നൽകിയത്. എന്നാൽ, മാസങ്ങൾ ജയിലിൽ കിടന്നതോടെ റെഡ്ഡി മൊഴി മാറ്റി. കെജ്രിവാളിനെ കണ്ടിട്ടുണ്ടെന്നാക്കി. ഇതേത്തുടർന്ന് റെഡ്ഡിക്ക് ജാമ്യം കിട്ടി -അതിഷി മർലേന പറഞ്ഞു.
കെജ്രിവാളിന്‍റെ അറസ്റ്റിന് കാരണക്കാരനായ ഇ.ഡിയുടെ മാപ്പുസാക്ഷി ബി.ജെ.പിക്കായി 30 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായിയാണ് പി. ശരത് ചന്ദ്ര റെഡ്ഡി. അദ്ദേഹം ഡയറക്ടറായ അരബിന്ദൊ ഫാർമ ലിമിറ്റഡിലുടെ ബി.ജെ.പിക്ക് 30 കോടി രൂപയാണ് ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകിയത്.
മദ്യനയ കേസിൽ 2022 നവംബർ 10നാണ് ശരത് ചന്ദ്ര റെഡ്ഡി അറസ്റ്റിലാവുന്നത്. ഇതിനുപിന്നാലെ അഞ്ച് ദിവസം കഴിഞ്ഞ് നവംബർ 15ന് അരബിന്ദോ ഫാർമ ലിമിറ്റഡ് ബി.ജെ.പിയുടെ അഞ്ച് കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങി. പിന്നീട് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയുമായി ശരത് ഡല്‍ഹി ഹൈകോടതിയിൽ എത്തിയപ്പോൾ ഇ.ഡി എതിർത്തില്ല. 2023 മേയിൽ കോടതി ജാമ്യം നല്‍കുകയും പിന്നീട് മാപ്പുസാക്ഷിയാകുകയും ചെയ്തു. ഇതിനു പിന്നാലെ അരബിന്ദോ ഫാർമ ലിമിറ്റഡ് ബി.ജെ.പിയുടെ 25 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് കൂടി വാങ്ങിക്കൂട്ടി.
ആകെ 52 കോടിയുടെ ഇലക്ടറൽ ബോണ്ടാണ് അരബിന്ദോ ഫാർമ വാങ്ങിയത്. ഇതിൽ 30 കോടിയും ബി.ജെ.പിക്ക് ലഭിച്ചു. 15 കോടി ബി.ആർ.എസിനും 2.5 കോടി തെലുഗുദേശം പാർട്ടിക്കുമാണ് ബോണ്ട് വഴി സംഭാവന നൽകിയത്.
ഡൽഹി മദ്യനയ കേസിൽ ബി.ആർ.എസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിതയും അറസ്റ്റിലാണ്. കവിതക്ക് ബന്ധമുള്ള കമ്പനിയാണ് അരബിന്ദോ ഫാർമ. കെ. കവിത ഉൾപ്പെട്ട സൗത്ത് ഗ്രൂപ് ഡൽഹിയിലെ മദ്യവ്യാപാരത്തിന്റെ നിയന്ത്രണം നേടാൻ പാകത്തിൽ മദ്യനയത്തെ സ്വാധീനിക്കാൻ 100 കോടി രൂപ ആം ആദ്മി പാർട്ടിക്ക് സംഭാവന നൽകിയതായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.