കെജ്രിവാൾ ന്യൂഡൽഹിയിൽ, അതിഷി കൽകാജിയിൽ; അന്തിമ സ്ഥാനാർഥി പട്ടിക പുറത്തിറക്കി ആം ആദ്മി പാർട്ടി

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർഥി പട്ടിക ആം ആദ്മി പാർട്ടി (എ.എ.പി) പുറത്തിറക്കി. 38 സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്.

എ.എ.പി കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ന്യൂഡൽഹിയിലും മുഖ്യമന്ത്രി അതിഷി കൽകാജിയിലും മത്സരിക്കും. സൗരഭ് ഭരദ്വാജ്, ഗോപാൽ റായി, സത്യേന്ദ്ര കുമാർ ജെയ്ൻ, ദുർഗേഷ് പതക് എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. 2025 ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ്. 70 സീറ്റുകളിലേക്കാണ് മത്സരം. ഇതോടെ എല്ലാ സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ എ.എ.പി പ്രഖ്യാപിച്ചു.

കോൺഗ്രസുമായുള്ള സഖ്യ സാധ്യതകൾ തള്ളിക്കളഞ്ഞ പാർട്ടി സ്വന്തം നിലയിൽ ഒറ്റക്ക് മത്സരിക്കുമെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായാണ് ഡൽഹിയിൽ മത്സരിച്ചത്. പരിസ്ഥിതി മന്ത്രി ഗോപാൽ റായി സിറ്റിങ് സീറ്റായ ബാബാർപുരിലും ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിലും മത്സരിക്കും. മുൻ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ ശാകുർ ബസ്തിയിൽ വീണ്ടും ജനവിധി തേടും. 2013 മുതൽ ന്യൂഡൽഹി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെജ്രിവാളിന് ഇത്തവണ മത്സരം കടുത്തതാകും.

മുൻ ഡൽഹി മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകൻ പ്രവേശ് വർമ ബി.ജെ.പി സ്ഥാനാർഥിയാകുമെന്നാണ് സൂചന. കോൺഗ്രസിനായി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ മകൻ സന്ദീപ് ദീക്ഷിത് മത്സരിക്കും. ബി.ജെ.പിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ ഒരാളില്ലെന്ന് കെജ്രിവാൾ പരിഹസിച്ചു. 2020 നിയമസഭാ തെരഞ്ഞെടുപ്പിൽ 62 സീറ്റുകൾ നേടിയാണ് എ.എ.പി വീണ്ടും അധികാരത്തിലെത്തിയത്. കഴിഞ്ഞദിവസം ഡൽഹിയിലെ ക്രമസമാധാന നിലയിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാക്ക് കെജ്രിവാൾ കത്തെഴുതിയിരുന്നു.

ഡൽഹിയിലെ ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. ക്രമസമാധാന ചുമതല കേന്ദ്ര സർക്കാറിനായിട്ടും രാജ്യത്തും പുറത്തും കുറ്റകൃത്യത്തിന്‍റെ തലസ്ഥാനമായാണ് ഡൽഹി അറിയപ്പെടുന്നത്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യത്തിലും കൊലപാതകങ്ങളിലും രാജ്യത്തെ 19 മെട്രോ നഗരങ്ങളിൽ ഡൽഹിയുടെ സ്ഥാനം ഒന്നാമതാണ്. കൊള്ള സംഘങ്ങളുടെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെയും എണ്ണത്തിൽ വലിയ വർധനയാണുണ്ടായത്.

വിമാനത്താവളങ്ങൾക്കും സ്കൂളുകൾക്കുംനേരെ നിരന്തരം ബോംബ് ഭീഷണിയുണ്ടാകുന്നു. നഗരത്തിലെ ജനം സുരക്ഷയുടെ കാര്യത്തിൽ വലിയ ആശങ്കയിലാണെന്നും കത്തിൽ പറയുന്നു. രാജ്യ തലസ്ഥാനത്തിന്‍റെ ക്രമസമാധാന നില നിയന്ത്രിക്കാൻ ബി.ജെ.പി സർക്കാറിന് കഴിയില്ലെന്ന് കഴിഞ്ഞദിവസം കെജ്രിവാൾ കുറ്റപ്പെടുത്തിയിരുന്നു.

Tags:    
News Summary - AAP releases final list of candidates; Arvind Kejriwal to contest from New Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.