ന്യൂഡൽഹി: ജൂൺ 15നകം പാർട്ടി ഓഫീസ് ഒഴിയണമെന്ന് ആം ആദ്മി പാർട്ടിക്ക് നിർദേശവുമായി സുപ്രീം കോടതി. ജില്ലാ കോടതി വിപുലീകരണത്തിനായി ഡൽഹി ഹൈകോടതിക്ക് അനുവദിച്ച സ്ഥലത്ത് പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയണമെന്നാണ് ആവശ്യം. ജൂൺ 15നകം ഓഫീസ് ഒഴിയണമെന്നും പുതിയ ഓഫീസിനായുള്ള ഭൂമിക്കായി ലാൻഡ് ആൻഡ് ഡെവലപ്‌മെൻ്റ് ഓഫീസിനെ സമീപിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. നാലാഴ്ചക്കുള്ളിൽ പാർട്ടിയുടെ അപേക്ഷ പരിഗണിക്കണമെന്നും നിശ്ചിത സമയത്തിനകം തീരുമാനം അറിയിക്കാനും വകുപ്പിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഓഫീസ് മാറുന്നതിന് കൂടുതൽ സമയം നൽകണമെന്ന് എ.എൽപി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉത്തരവ്.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. മുതിർന്ന അഭിഭാഷകനായ അഭിഷേക് സിങ്വിയാണ് ഭരണകക്ഷിക്ക് വേണ്ടി ഹാജരായത്.
ഫെബ്രുവരി 13ന് അമിക്കസ് ക്യൂരി അഡ്വ. കെ പരമേശ്വർ നൽകിയ റിപ്പോർട്ടിൽ ഭൂമി രാഷ്ട്രീയ പാർട്ടി കയ്യേറിയതായും പാർട്ടി ഓഫീസ് പ്രവർത്തിക്കുന്നതായും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഓഫീസ് നീക്കം ചെയ്യാൻ നിശ്ചിത സമയം അനുവദിക്കുകയായിരുന്നു. എന്നാൽ ഭൂമി തങ്ങൾക്ക് 2015ലെ സർക്കാർ അനുവദിച്ചു നൽകിയതാണെന്നും 2020ലാണ് ഭൂമി കോടതിയുടെ വികസനത്തിനായി മാറ്റിയതെന്നും വാദിച്ച് എ.എ.പി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.