കൊൽക്കത്ത: ഡോ. നിർമല ബാനർജിയുടെ ഫോണിന് തിങ്കളാഴ്ച മുതൽ വിശ്രമമില്ല. നിർത്താ തെ മണിയടി ശബ്ദം. മൂത്തമകൻ അഭിജിത് ബാനർജിക്ക് ലഭിച്ച സാമ്പത്തിക നൊബേൽ പുരസ് കാരത്തിെൻറ പേരിലാണ് എല്ലാ കോളുകളും. സർക്കുലർ റോഡിലെ ബല്ലിഗുഞ്ചിൽ ഉന്നതർ താമ സിക്കുന്ന അപ്പാർട്മെൻറിൽ ഇരുന്ന് 70 കഴിഞ്ഞ അവർ ഓരോ വിളിക്കും ക്ഷമയോടെ മറുപടി പറയുന്നു. അഭിനന്ദനങ്ങൾക്ക് നന്ദി അറിയിക്കുന്നു. അടുത്തയാഴ്ച മകൻ നാട്ടിലെത്തുന ്ന സന്തോഷത്തിലാണ് അവർ. അന്ന് വലിയ ആഘോഷമാണ് വീട്ടുകാർ ഒരുക്കുന്നതെന്ന് നിർമല ‘മാധ്യമ’ത്തോട് പറഞ്ഞു. അഭിജിത്തിെൻറ പിതാവ് ദീപക് ബാനർജി ഇപ്പോൾ ഇവിടെ വേണ്ടിയിരുന്നുവെന്നും വ്യസനത്തോടെ അവർ കൂട്ടിച്ചേർത്തു. അഭിജിത് പഠിച്ച പ്രസിഡൻസി സർവകലാശാലയിൽ തന്നെ സാമ്പത്തികശാസ്ത്ര വിഭാഗം പ്രഫസറായിരുന്നു ദീപക് ബാനർജി. ഡോ. നിർമലയാകട്ടെ കൊൽക്കത്തയിലെ സെൻറർ ഓഫ് സ്റ്റഡീസ് ഫോർ സോഷ്യൽ സയൻസസ് പ്രഫസറും.
സഹപ്രവർത്തകയും ഭാര്യയുമായ എസ്തർ ഡഫ്ലോക്കൊപ്പം മകൻ നൊബേൽ പുരസ്കാരം പങ്കിട്ടത് ഇരട്ടി സന്തോഷം പകരുന്ന കാര്യമാണെന്ന് നിർമല പറയുന്നു. അഭിജിത്തും എസ്തറും ചേർന്നെഴുതിയ പുസ്തകത്തിെൻറ പ്രകാശനം 19ന് ന്യൂഡൽഹിയിൽ നടക്കുമെന്ന് അഭിജിത്തിെൻറ ഇളയ സഹോദരൻ അനിരുദ്ധ ഭാസ്ക്കർ അറിയിച്ചു. ‘ഗുഡ് ഇക്കണോമിക്സ് ഫോർ ഹാർഡ് ടൈംസ്- ബെറ്റർ ആൻസേഴ്സ് ടു ഔർ ബിഗസ്റ്റ് പ്രോബ്ലംസ്’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്യുന്നത്. ഇൗ ചടങ്ങ് വളരെ നേരത്തെ സംഘടിപ്പിച്ചതാണെന്നും അനിരുദ്ധ പറഞ്ഞു.
ബംഗാൾ സർക്കാറും അഭിജിത്തിന് കൊൽക്കത്തയിൽ സ്വീകരണം ഒരുക്കുന്നുണ്ട്. നേരത്തെ സാമ്പത്തിക നൊബേൽ ലഭിച്ച ബംഗാളിയായ അമർത്യ സെന്നും ചടങ്ങിൽ പങ്കെടുക്കും. അഭിജിത് പഠിച്ച പ്രസിഡൻസി സർവകലാശാല, സൗത്ത് പോയൻറ് സ്കൂൾ എന്നിവിടങ്ങളിലും പ്രത്യേക സ്വീകരണ ചടങ്ങുകളുണ്ടാകും. ആഗോള ദാരിദ്ര്യ നിർമാർജനത്തിന് പരീക്ഷണാത്മക രീതികൾ ആവിഷ്കരിച്ചതിനാണ് അഭിജിത്തും അമേരിക്കയിലെ മസാചൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിയിൽ (എം.ഐ.ടി) പ്രഫസറായ എസ്തറും ഹാർവഡ് യൂനിവേഴ്സിറ്റി പ്രഫസറായ മൈക്കൽ ക്രെമറും സാമ്പത്തിക നൊബേലിന് അർഹരായത്. അഭിജിത്തും ഡഫ്ലോയും ആവിഷ്ക്കരിച്ച ദാരിദ്ര്യ നിർമാർജന മാതൃകകൾ പല ലോകരാജ്യങ്ങളും ഏജൻസികളും അംഗീകരിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ സാഹചര്യങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു ഇരുവരുെടയും കൂടുതൽ പഠനങ്ങളെന്നതും സവിശേഷതയാണ്. ഡൽഹി ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് അഭിജിത് ഹാർവഡ് സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി പൂർത്തിയാക്കിയത്. നിലവിൽ എം.ഐ.ടിയിൽ ഫോർഡ് ഫൗണ്ടേഷൻ അന്താരാഷ്ട്ര പ്രഫസറാണ്.
എസ്തർ ഡഫ്ലോയുമായി ചേർന്നെഴുതിയ ‘പുവർ ഇക്കണോമിക്സ്: എ റാഡിക്കൽ റീതിങ്കിങ് ഓഫ് ദ വേ ടു ഫൈറ്റ് ഗ്ലോബൽ പോവർട്ടി’ എന്ന പുസ്തകം വളരെ പ്രസിദ്ധമാണ്. ഇവരുടെ രണ്ടാമത്തെ ഗ്രന്ഥമാണ് 19ന് ഡൽഹിയിൽ പ്രകാശനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.