അഭിഷേക് ബാനർജി

'സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു'; ഡോക്ടർമാർ സമരം അവസാനിപ്പിക്കണമെന്ന് അഭിഷേക് ബാനർജി

കൊൽക്കത്ത: പ്രതിഷേധിക്കുന്ന ഡോക്ടർമാരോട് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി. ആദ്യ ദിവസം മുതൽ സുരക്ഷ സംബന്ധിച്ച ഡോക്ടർമാരുടെ ആശങ്കകളിൽ താൻ അവരെ പിന്തുണച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടർമാരുടെ ആശങ്കകളിൽ ചിലത് ഒഴികെ ബാക്കിയുള്ളവ വിവേകപൂർണ്ണവും ന്യായയുക്തവുമാണെന്ന് അഭിഷേക് ബാനർജി എക്സ് പോസ്റ്റിൽ പറഞ്ഞു. ഡോക്ടർമാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള മിക്ക നടപടികളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സി.സി.ടി.വി കാമറകൾ സ്ഥാപിക്കലും മെഡിക്കൽ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും ഉൾപ്പെടെയുള്ളവ 14 ദിവസത്തിനകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സി.ബി.ഐ ഉത്തരവാദിത്തം നിർവഹിക്കേണ്ടതും കുറ്റവാളികളെ ഒഴിവാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതും നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷമായി ഏറ്റെടുത്ത ഒരു അന്വേഷണവും സി.ബി.ഐ പൂർത്തിയാക്കിയിട്ടില്ല. നീതി വൈകുന്നത് നീതി നിഷേധമാണും അഭിഷേക് പറഞ്ഞു. കൂടാതെ, ആരോഗ്യ വകുപ്പിലെയും കൊൽക്കത്ത പൊലീസിലെയും ചില ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള അവരുടെ ആവശ്യങ്ങൾ സർക്കാർ മാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തിനു പിന്നാലെ ആരംഭിച്ച പണിമുടക്കു സമരത്തിൽനിന്ന് പിന്നോട്ടുപോകാൻ 37 ദിവസം പിന്നിട്ടിട്ടും ജൂനിയർ ഡോക്ടർമാർ തയാറായിരുന്നില്ല. ഒടുവിൽ സമരപ്പന്തലിലെത്തി മുഖ്യമന്ത്രി തന്നെ അനുനയനീക്കങ്ങൾക്കു നേതൃത്വം നൽകി. കൊൽക്കത്ത പൊലീസ് കമീഷണർ വിനീത് ഗോയൽ, മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ കൗസ്തവ് നായിക്, ആരോഗ്യ വകുപ്പ് ഡയറക്ടർ ദേബാശിഷ് ഹൽദാർ എന്നിവരെ നീക്കണമെന്നതുൾപ്പെടെയുള്ള സമരക്കാരുടെ നിർദേശങ്ങളാണ് സർക്കാർ അംഗീകരിച്ചത്.

മമത ബാനർജിയെ കണ്ടതിന് തൊട്ടുപിന്നാലെ, ബംഗാൾ ആരോഗ്യ സെക്രട്ടറിയെ മാറ്റുക, സംസ്ഥാന സർക്കാറുമായി പുതിയ ചർച്ചകൾ നടത്തുക എന്നിവ ഉൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് പ്രതിഷേധിക്കുന്ന ഡോക്ടർമാർ പ്രഖ്യാപിച്ചു.

Tags:    
News Summary - Abhishek Banerjee urges Kolkata doctors to end strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.