ന്യൂഡൽഹി: അന്തരിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അവസാന പത്രസമ്മേളനത്തിന്‍റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി. എതിർശബ്ദങ്ങളുയരാതെ ഒരാൾ മാത്രം സംസാരിക്കുന്ന ഈ കാലത്ത്, എന്തുമാത്രം വിനീതരായിരുന്നു നമ്മുടെ നേതാക്കളെന്നും എത്ര അതിശയിപ്പിക്കുന്നതായിരുന്നു നമ്മുടെ ജനാധിപത്യമെന്നും ഈ ചിത്രം കാണുേമ്പാൾ ഓർമയാവുന്നുവെന്നും കോൺഗ്രസ് ദേശീയ വക്താവായ സിങ്വി കുറിച്ചു.
രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂരിൽ കൊല്ലപ്പെട്ടിട്ട് മുപ്പതു വർഷം പൂർത്തിയാവുന്ന ദിനത്തിലാണ് സിങ്വി ചിത്രം പങ്കുവെച്ചത്. സോഫയിൽ ഇരിക്കുന്ന രാജീവ് തനിക്ക് ചുറ്റുമുള്ള പത്രക്കാരുടെ ചോദ്യങ്ങൾക്ക് പ്രസന്നവദനനായി മറുപടി പറയുന്നതാണ് ചിത്രം. രാജീവിന് തൊട്ടരികിലായി നിന്നും ഇരുന്നും മുട്ടുകുത്തിയിരുന്നും പത്രക്കാർ ചോദ്യം ചോദിക്കുന്നുണ്ട്. തമിഴ്നാട്ടിലാണ് ഈ പത്രസമ്മേളനം നടന്നത്.
'രാജീവ് ഗാന്ധിയുടെ അവസാന പത്രസമ്മേളനത്തിൽനിന്നുള്ള ചിത്രമാണിത്. മൻകീ ബാത്ത് േപാലുള്ള ആത്മഭാഷണങ്ങളുടെ കാലത്ത്, ഇൗ ചിത്രം കാണുന്നത് എന്തുമാത്രം വിനീതരായിരുന്നു നമ്മുടെ നേതാക്കളെന്നും എത്ര അതിശയിപ്പിക്കുന്നതായിരുന്നു നമ്മുടെ ജനാധിപത്യമെന്നും എന്നെ ഓർമിപ്പിക്കുന്നു' -ചിത്രത്തോടൊപ്പം സിങ്വി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.