ജയ്പൂർ: ദലിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾക്ക് 20 വർഷം തടവ് വിധിച്ച് കോടതി. എസ്.സി/എസ്.ടി കോടതിയുടേതാണ് വിധി. അഞ്ച് വർഷം മുൻപ് നടന്ന കേസിലാണ് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള വിധി പുറത്തുവന്നത്.
സംഭവത്തിൽ പ്രതികളായ ഫൂൽച്ചന്ദ് സെയിൻ (56), ഗോവർധൻ മേഘ്വാൾ (ഗോബ്രിയ 26) എന്നിവർ കുറ്റക്കാരാണെന്ന് കോടതിക്ക് വ്യക്തമായെന്നും പ്രതികളിൽ നിന്ന് പിഴ ഈടാക്കുമെന്നും വിധി പ്രസ്താവത്തിനിടെ കോടതി പറഞ്ഞിരുന്നു.
2018 ജൂലൈ 12നായിരുന്നു കേസിനാസ്പദമായ സംഭവം. രാംപുര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫൈത്താഗറിലുള്ള സഹോദരനെ കാണാനായി രാത്രിയിൽ പുറപ്പെട്ട പത്തൊൻപതുകാരിയെ ഫൂൽച്ചന്ദ്, ഗോവർധൻ എന്നിവർ ചേർന്ന് സുഹൃത്തായ ബബ്ലു സർദാറിന്‍റെ വീട്ടിലെത്തിക്കുകയായിരുന്നു. കേസിലെ മറ്റ് പ്രതിയായ ഭേരുലാലും വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെ പ്രതികൾ പെൺകുട്ടിക്ക് ശീതളപാനീയത്തിൽ ലഹരി കലർത്തുകയും കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. പീഡനം ചെറുക്കാൻ ശ്രമിച്ച പെൺകുട്ടിയെ പ്രതികൾ ക്രൂരമായി മർദിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. പിറ്റേദിവസം രാവിലെയും പ്രതികൾ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു.
പെൺകുട്ടിയെ വീട്ടിൽ നിന്നും രക്ഷിച്ച അമ്മയും സഹോദരനും പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 476ഡി വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. എന്നാൽ വാദപ്രതിവാദത്തിനിടെ പ്രതിയായ ബബ്ലു സർദാർ മരണപ്പെട്ടിരുന്നു. ഭേരുലാലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
17ഓളം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.