ആക്ടിവിസ്റ്റ് ലിസിപ്രിയ കങ്കുജം (ഫയൽ ഫോട്ടോ)

'കർഷകരില്ലെങ്കിൽ ഭക്ഷണവുമില്ല', സമരത്തിന് പിന്തുണയുമായി ഒമ്പതുവയസുകാരി ആക്ടിവിസ്റ്റ് ലിസിപ്രിയ കങ്കുജവും

ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ കർഷക ദ്രോഹ നിയമത്തിനെതിരെ സമരമുഖത്തുള്ള കർഷകർക്ക് പിന്തുണയുമായി ഒമ്പതുവയസുകാരി കാലാവസ്ഥാ പ്രവർത്തക ലിസിപ്രിയ കങ്കുജവും. കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുമ്പോൾ ലോകത്തെ ദശലക്ഷക്കണക്കിന് കാലാവസ്ഥാ പ്രവർത്തകർ തന്നോടൊപ്പമുണ്ടെന്ന് കങ്കുജം പറഞ്ഞു.


'കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഏറ്റവും വലിയ ഇര നമ്മുടെ കർഷകരാണ്. പതിവ് വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റ്, വെട്ടുകിളി ശല്യം തുടങ്ങിയവ അവരുടെ വിളകളെ നശിപ്പിക്കുകയാണ്. പ്രതിസന്ധി കാരണം പ്രതിവർഷം ആയിരക്കണക്കിന് കർഷകരാണ് മരിക്കുന്നത്. നമ്മുടെ നേതാക്കൾ കർഷകരുടെ ശബ്ദം കേൾക്കണം. അവർക്ക് നീതി ഉറപ്പാക്കി പ്രതിസന്ധിക്ക് ഉടൻ ശാശ്വത പരിഹാരം കണ്ടെത്തണം' -അവർ പറഞ്ഞു.

വായു മലിനീകരണ സാധ്യതയുള്ളതിനാൽ കുറ്റിപുല്ല് കത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് അവർ കർഷകരോട് അഭ്യർത്ഥിച്ചു. 'ഇന്ത്യയിലെയും ലോകത്തിലെയും അന്തരീക്ഷ മലിനീകരണം മൂലം പ്രതിവർഷം ദശലക്ഷക്കണക്കിന് കുട്ടികളാണ് മരിക്കുന്നത്. കുറ്റിപുല്ല് കത്തിക്കുന്നത് അവസാനിപ്പിച്ചാൽ ഒരുപരിധിവരെ മലിനീകരണം കുറക്കാൻ സഹായിക്കും, ഇക്കാര്യം ഞാൻ കർഷകരോട് അഭ്യർത്ഥിക്കുന്നെന്നും കങ്കുജം പറഞ്ഞു.

അതേസമയം ആ കാരണം പറഞ്ഞ് നമ്മുടെ നേതാക്കൾ എല്ലായ്പ്പോഴും പാവപ്പെട്ട കർഷകരുടെ മേലാണ് കുറ്റം ചുമത്തുന്നത്. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ പ്രതിസന്ധിയുടെ പ്രധാന കാരണം അതല്ല. വായു മലിനീകരണ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പരിഹാരം കണ്ടെത്താൻ സർക്കാർ ഇടപെടണമെന്നും കങ്കുജം പറഞ്ഞു.

'വർഷങ്ങളായി കുറ്റിപുൽ കത്തിക്കുന്നുണ്ട്. കഴിഞ്ഞ 5-6 വർഷം മുതലാണ് അന്തരീക്ഷ മലിനീകരണം കണ്ടുവരുന്നത്. അതിനുള്ള പരിഹാരം നമ്മുടെ നേതാക്കളാണ് കണ്ടെത്തേണ്ടത്. കർഷകരെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും അവർ പറഞ്ഞു.

മണിപ്പൂര്‍ സ്വദേശിനിയായ ലിസിപ്രിയ കാലാവസ്ഥാ വ്യതിയാന വിഷയത്തില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യുകയും കഴിഞ്ഞ വര്‍ഷം പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ #SheInspiresUs കാമ്പെയ്നോട് മുഖംതിരിച്ചതിലൂടെയും കങ്കുജം ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്‍റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകാത്തവര്‍, തന്നെ ആഘോഷിക്കുകയും വേണ്ടെന്നായിരുന്നു അന്ന് പറഞ്ഞത്.  

Tags:    
News Summary - Activist Licypriya Kangujam comes out in support of farmers' protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.