ചെന്നൈ: സമരംചെയ്യുന്ന സർക്കാർ ജീവനക്കാർക്കു വേതനമില്ലെന്ന സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തെ പരിഹസിച്ച് നടൻ കമൽ ഹാസൻ. പണി ചെയ്യാത്തവർക്ക് പണമില്ലെന്ന നിലപാട് എല്ലാവർക്കും ബാധകമാക്കണം. ഇത് സർക്കാർ ജീവനക്കാർക്കായി മാത്രം ഒതുക്കുന്നതിെനയും അദ്ദേഹം ട്വീറ്റിൽ ചോദ്യംചെയ്തു.
കുതിരക്കച്ചവടം നടത്തി സ്വന്തം ഉത്തരവാദിത്തം നിറവേറ്റാത്ത എം.എൽ.എമാർക്കു എന്തിന് ശമ്പളം കൊടുക്കണമെന്ന് ആരുടെയും പേര് വ്യക്തമാക്കാതെ അദ്ദേഹം ചോദിച്ചു. ഉത്തരവാദിത്തത്തിൽനിന്ന് മാറി നിൽക്കുന്ന എം.എൽ.എമാരോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെടണം. സർക്കാർ ജീവനക്കാരോട് സ്വീകരിച്ച അതേ നിലപാട് കോടതി എം.എൽ.എമാരോടും സ്വീകരിക്കണം.
ജനങ്ങൾക്ക് സേവനം ചെയ്യേണ്ട 18 എം.എൽ.എമാർ സർക്കാറുമായി വിലപേശി റിസോർട്ടിൽ കഴിയുന്നതിനെയാണ് നടൻ ചോദ്യം ചെയ്തത്. സ്വന്തമായി രാഷ്ട്രീയപാർട്ടി രൂപവത്കരിക്കാൻ നീക്കം നടത്തുന്നതിനിടെയാണ് കമൽ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിലെ ഉൗഹാപോഹങ്ങൾക്ക് കഴിഞ്ഞ ദിവസം കമൽ വിരാമമിട്ടിരുന്നു. സമ്മർദങ്ങൾക്കു വഴങ്ങിയാണു രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
നിലവിലെ രാഷ്ട്രീയ പാർട്ടികളുമായി യോജിച്ചുപോകാൻ പ്രയാസമുള്ളതുകൊണ്ടാണ് സ്വന്തമായി പാർട്ടി രൂപവത്കരിക്കുന്നത്. തെൻറ ആദർശം ഉയർത്തിപ്പിടിക്കാൻ മറ്റു വഴിയില്ല. രാഷ്ട്രീയപാർട്ടി തുടങ്ങണമെങ്കിൽ തമിഴ്നാട്ടിൽനിന്നാണ് അതാരംഭിക്കേണ്ടത്. ആദ്യം സ്വന്തം വീട് വൃത്തിയാക്കിയിേട്ട അയൽവാസിയുടെ വീടിനെക്കുറിച്ചു ആലോചിക്കാനാവൂ -കമൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.