പനാജി: സിനിമ താരം നഫീസ അലി തൃണമൂൽ കോൺഗ്രസിൽ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ സാന്നിധ്യത്തലായിരുന്നു നഫീസയുടെ പാർട്ടി പ്രവേശനം.
2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഗോവയിൽ ചുവടുറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പ്രമുഖരെ പാർട്ടിയിൽ അണിനിരത്തുന്നത്.
വ്യാഴാഴ്ച വൈകിട്ട് മമത ബാനർജി ഗോവയിലെത്തിയിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തിന്റെ രാഷ്ട്രീയം മനസിലാക്കുകയാണ് മമതയുടെ സന്ദർശന ലക്ഷ്യം.
മൂന്നുദിവസമാണ് മമതയുടെ ഗോവ സന്ദർശനം. വ്യാഴാഴ്ച വൈകിട്ട് 5.30ഓടെ ഗോവയിലെത്തിയ മുഖ്യമന്ത്രിയെ തൃണമൂൽ എം.പി ഡെറിക് ഒബ്രിയാൻ, മറ്റു പ്രമുഖ നേതാക്കൾ തുടങ്ങിയവർ സ്വീകരിച്ചു. വെള്ളിയാഴ്ച വൈകിട്ട് സമുദായ പ്രതിനിധികളുമായി മമത കൂടിക്കാഴ്ച നടത്തും.
ബംഗാളിൽ നേടിയ വൻ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് തൃണമൂൽ കോൺഗ്രസും മമത ബാനർജിയും. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗോവയും ത്രിപുരയും പിടിച്ചെടുക്കുകയാണ് തൃണമൂലിന്‍റെ അടുത്ത ലക്ഷ്യം.
ബിഗ്ബി എന്ന ചിത്രത്തിലൂടെ മലയാളികളുടെയും പ്രിയങ്കരിയായി മാറിയ നടിയാണ് നഫീസ അലി. മേരി ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെയാണ് ബിഗ്ബിയിൽ നഫീസ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.