മംഗളൂരു: രാജ്യം ചന്ദ്രയാൻ -മൂന്ന് ബഹിരാകാശ ദൗത്യ വിജയത്തിൽ ആഹ്ലാദം കൊള്ളുന്ന വേളയിൽ പരിഹാസം ചൊരിഞ്ഞ നടൻ പ്രകാശ് രാജ് ഇന്ത്യ വിട്ട് അദ്ദേഹത്തിന് ഇഷ്ടമുള്ള രാജ്യത്തേക്ക് പോകണമെന്ന് കേന്ദ്ര മന്ത്രി ശോഭ കാറന്ത്ലാജെ. ഉടുപ്പിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉടുപ്പി-ചിക്കമംഗളൂരു എം.പിയായ ശോഭ. രാജ്യത്തോട് മാത്രമല്ല, ശസ്ത്രജ്ഞരോടും തികഞ്ഞ അനാദരവാണ് നടൻ പ്രകടിപ്പിച്ചതെന്നും അവർ പറഞ്ഞു.
അതേസമയം, ചന്ദ്രയാൻ 3 ദൗത്യത്തെ പരിഹസിച്ചെന്നാരോപിച്ച് നടൻ പ്രകാശ് രാജിനെതിരെ കേസെടുത്തിരുന്നു. ഹൈന്ദവ സംഘടന നേതാക്കളുടെ പരാതിയിൽ കർണാടകയിലെ ബഗൽകോട്ട് ജില്ലയിലെ ബനഹട്ടി പൊലീസാണ് കേസെടുത്തത്.
സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ നടൻ കഴിഞ്ഞ ദിവസമിട്ട പോസ്റ്റാണ് വിവദമായത്. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന കുറിപ്പോടെയാണ് ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാരിക്കേച്ചർ പ്രകാശ് രാജ് പങ്കുവെച്ചത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. നടൻ ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെയാണ് പരിഹസിക്കുന്നതെന്നായിരുന്നു പ്രധാന വിമർശനം. ചിത്രത്തിൽ ഉദ്ദേശിച്ചത് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ. ശിവനെയാണെന്നും അതല്ല, ചെറുപ്പത്തിൽ ചായ വിറ്റിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണെന്നും ആരോപണം ഉയർന്നിരുന്നു.
തുടർന്ന് വിശദീകരണവുമായി പ്രകാശ് രാജ് രംഗത്തെത്തി. ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അമേരിക്കൻ ബഹിരാകാശ സഞ്ചാരി നീൽ ആംസ്ട്രോങ്ങിന്റെ കാലഘട്ടത്തിലെ തമാശയെ പരാമർശിച്ചായിരുന്നു മുൻ ട്വീറ്റെന്നായിരുന്നു വിശദീകരണം. വെറുപ്പ് പ്രചരിപ്പിക്കുന്നവർ വെറുപ്പ് മാത്രമേ കാണൂ, കേരളത്തിൽനിന്നുള്ള ചായക്കടക്കാരനെയാണ് ഉദ്ദേശിച്ചത്. ട്രോളുകൾ ഏത് ചായ വില്പനക്കാരനെയാണ് കണ്ടത്. ഒരു കാര്യം പറഞ്ഞതിലെ തമാശയെന്താണെന്ന് മനസ്സിലാക്കിയില്ലെങ്കിൽ ആ തമാശ നിങ്ങളെക്കുറിച്ചാണ്. വളരൂ എന്നും പ്രകാശ് രാജ് തന്റെ വിശദീകരണ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.