‘പഠിപ്പ് മട്ടും നമ്മക്കിട്ടെ ഇരുന്താ എടുത്തിട മുടിയാത്’; വിദ്യാർഥികൾക്കുമുന്നിൽ അസുരനിലെ മാസ് ഡയലോഗുമായി വിജയ്

ചെന്നൈ: 10, പ്ലസ് ടു ക്ലാസുകളില്‍ ഉന്നതവിജയംനേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങുമായി തമിഴ് നടൻ വിജയുടെ ആരാധക കൂട്ടായ്മയായ ‘വിജയ് മക്കള്‍ ഇയക്കം’. നീലാങ്കരയിലുള്ള ആര്‍.കെ. കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 8.30-ന് ആരംഭിച്ച സമ്മേളനത്തിൽ നടൻ വിജയും പ​ങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്ക് വിജയ് ഉപഹാരവും കാഷ് അവാര്‍ഡും സമ്മാനിച്ചു. ഒരോ നിയമസഭാ മണ്ഡലത്തില്‍നിന്ന് ആറ് വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

രാഷ്ട്രീയ പ്രവേശന സൂചനകള്‍ നൽകിയിരുന്നതിനാൽ തമിഴ്നാട്ടിൽ വലിയ പ്രചാരമാണ് പരിപാടിക്ക് ലഭിച്ചത്. ചടങ്ങില്‍ സംസാരിക്കവേ വെട്രിമാരന്‍-ധനുഷ് കൂട്ടക്കെട്ടില്‍ പിറന്ന അസുരനിലെ ഡയലോഗ് പറഞ്ഞ് വിജയ് വിദ്യാര്‍ഥികളുടെ കൈയ്യടി നേടി. ‘നമക്കിട്ടെ കാട് ഇരുന്താ എടുത്തിടുവാങ്കെ.. പണം ഇരുന്താ പുടുങ്കിടുവാങ്കെ... പഠിപ്പ് മട്ടും നമ്മക്കിട്ടെ ഇരുന്ത് എടുത്തിട മുടിയാത്' എന്നാണ് വിജയ് പറഞ്ഞത്. അസുരനില്‍ ധനുഷ് പറഞ്ഞ് കൈയ്യടി നേടിയ ഈ ഡയലോഗാണിത്. നമ്മുടെ കൈയില്‍ നിലമോ പണമോ ഉണ്ടെങ്കില്‍ ആളുകള്‍ മോഷ്ടിക്കും പക്ഷെ വിദ്യാഭ്യാസം ആര്‍ക്കും അപഹരിക്കാന്‍ കഴിയില്ലെന്നാണ് വിജയ് കുട്ടികളോട് പറഞ്ഞത്. ഈ പരിപാടി സംഘടിപ്പിക്കാന്‍ പ്രചോദനമായത് ഈ ഡയലോഗ് ആണെന്നും വിജയ് പറഞ്ഞു.

പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് രക്ഷിതാക്കളോട് പറയണമെന്നും വിജയ് വിദ്യാർഥികളോട് പറഞ്ഞു. നാളത്തെ വോട്ടർമാർ നിങ്ങളാണെന്നും പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോട് പറയണമെന്നും വിദ്യാർഥികളോട് വിജയ് പറഞ്ഞു. തന്‍റെ ആരാധക കൂട്ടായ്മയായ മക്കള്‍ ഇയക്കത്തിലൂടെ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ വിജയ് നടത്തുന്നുണ്ട്. 2026 ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വിജയ് പൊതുവേദിയില്‍ എത്തിയതെന്നും അതിനാലാണ് ഇത്തരം ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതെന്നുമാണ് രാഷ്​്രീയ എതിരാളികൾ പറയുന്നത്.

ജനങ്ങളുടെ രാഷ്ട്രീയ സാമൂഹിക നിലപാടുകൾ അറിയുന്നതിന് നേരത്തെ വിജയ് മക്കൾ ഇയക്കം സർവ്വേ നടത്തിയിരുന്നു. ഇതോടെയാണ് വിജയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. വിജയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22ന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ആരാധകരുടെ തീരുമാനം. കൂടാതെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോയിലെ ആദ്യ ഗാനവും അന്ന് പുറത്തുവിടും.

Tags:    
News Summary - Tamil Nadu: Thalapathy Vijay meets toppers of class 10, 12 from each constituency, advises them to tell their parents not to sell votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.