ചെന്നൈ: ദലിതുകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ കേസിൽ നടിയും മോഡലും യൂട്യൂബറുമായ മീരമിഥുൻ വീണ്ടും അറസ്റ്റിലായി. കേസിന്‍റെ വിചാരണക്ക് തുടർച്ചയായി ഹാജരാവാത്തതിനെ തുടർന്ന് നടിക്കെതിരെ ചെന്നൈ ഒന്നാം സെഷൻസ് കോടതി ജഡ്ജി എസ്. അല്ലി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ചെയ്ത് ഏപ്രിൽ നാലിന് ഹാജരാക്കാനായിരുന്നു ഉത്തരവിട്ടിരുന്നത്.
ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരായിരിക്കും പ്രതികളെന്നും തമിഴ് സിനിമ മേഖലയിലെ ദലിത് സംവിധായകരെ ബഹിഷ്കരിക്കണമെന്നും 2021 ആഗസ്റ്റ് ഏഴിന് അപ്ലോഡ് ചെയ്ത വിഡിയോവിൽ മീര മിഥുൻ പറഞ്ഞിരുന്നു. ഇതിനെതിരെ വിടുതലൈ ശിറുതൈകൾ കക്ഷി നേതാവ് വണ്ണിയരസു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്.സി/എസ്.ടി നിയമം ഉൾപ്പെടെ ഏഴ് വകുപ്പുകൾ പ്രകാരം ചെന്നൈ സൈബർ ക്രൈം പൊലീസ് കേസെടുത്തത്.
പ്രസ്തുത കേസിൽ മീരമിഥുനും സുഹൃത്ത് സാം അഭിഷേകും അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമായിരുന്നു. 'താനേ സേർന്ത കൂട്ടം' ഉൾപ്പെടെ ചില സിനിമകളിൽ അഭിനയിച്ച മീരമിഥുൻ തമിഴ് 'ബിഗ്ബോസ് 3'ൽ മൽസരാർഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.