ന്യൂഡൽഹി: ഗുജറാത്തിൽ അദാനി ഗ്രൂപ്പിെൻറ മുന്ദ്ര സ്വകാര്യ തുറമുഖം വഴി നടന്ന സഹസ്രകോടികളുടെ മയക്കുമരുന്നുകടത്ത്, ഇ-കോമേഴ്സ് അതികായരായ ആമസോൺ കമ്പനി ഇന്ത്യയിൽ വൻതോതിൽ കോഴ നൽകിയെന്ന വെളിപ്പെടുത്തൽ എന്നിവ വിവാദമായിരിക്കെ, രണ്ടു വിഷയത്തിലും ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ തട്ടകമാണ് ഗുജറാത്ത് എന്നിരിക്കെ, അവിടത്തെ സ്വകാര്യ തുറമുഖം വഴി നടന്ന മയക്കുമരുന്നുകടത്തിനെക്കുറിച്ച് ഇരുവർക്കും എന്തു പറയാനുണ്ടെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വാർത്തസമ്മേളനത്തിൽ ചോദിച്ചു. 3000 കിലോ വരുന്ന രണ്ടു കണ്ടെയ്നർ ഹെറോയിനാണ് കഴിഞ്ഞ ദിവസം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് റെയ്ഡിൽ പിടിച്ചെടുത്തത്. 2018-20 കാലയളവിൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ 8546 കോടി രൂപ കോഴ നൽകിയെന്നതാണ് ആമസോണുമായി ബന്ധപ്പെട്ട ആരോപണം.
21,000 കോടിയുടെ ഹെറോയിനാണ് കഴിഞ്ഞ ദിവസം പിടിച്ചതെങ്കിൽ, ആഷി ട്രേഡേഴ്സ് എന്ന കമ്പനിയുടെ കയറ്റിറക്കുമതി ലൈസൻസ് ദുരുപയോഗം ചെയ്ത് കഴിഞ്ഞ ജൂണിൽ അദാനി തുറമുഖം വഴി ഇറക്കിയ അതേ ഉൽപന്നം 25,000 കിലോഗ്രാമാണ്. അതിെൻറ വില 1.75 ലക്ഷം കോടി വരും. ലൈസൻസ് ഉടമക്ക് 10 ലക്ഷം രൂപ കമീഷൻ നൽകിയെന്നാണ് പറയുന്നത്. ഇത്രയും മയക്കുമരുന്ന് ആരുടേതാണ്, എങ്ങോട്ടു പോയി? ഈ ഇടപാട് മോദി-അമിത് ഷാമാരുടെ മൂക്കിനു താഴെ തഴച്ചു വളരുന്നത് എങ്ങനെയാണ്? മയക്കുമരുന്ന് മാഫിയക്ക് സംരക്ഷണം നൽകുന്ന രാഷ്ട്രീയക്കാരൻ ആരാണ്? താലിബാനും അഫ്ഗാനിസ്താനുമായി ബന്ധമുണ്ടെങ്കിൽ, ദേശസുരക്ഷപ്രശ്നം അതിലില്ലേ? അദാനി തുറമുഖത്തെക്കുറിച്ച് അന്വേഷണം നടക്കാത്തത് എന്തുകൊണ്ടാണ്? ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ, ഡി.ആർ.ഐ, ഇ.ഡി, സി.ബി.ഐ, ഐ.ബി എന്നിവയെല്ലാം ഉറങ്ങുകയല്ലെങ്കിൽ, ഇത്രത്തോളം ഭീമമായ അളവിൽ മയക്കുമരുന്ന് എങ്ങനെ എത്തും? സുപ്രീംകോടതി സിറ്റിങ് ജഡ്ജിമാർ ഉൾപ്പെട്ട പ്രത്യേക കമീഷെൻറ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തിെൻറ അന്വേഷണം ഇക്കാര്യത്തിൽ ആവശ്യമാണ്.
ആമസോൺ കമ്പനി മോദിസർക്കാറിലെ ആർക്കാണ് കോഴ നൽകിയത്? അവർ നൽകിയ കോഴ 8546 കോടിയാണെങ്കിൽ, നിയമമന്ത്രാലയത്തിെൻറ വാർഷിക ബജറ്റ് 1100 കോടി മാത്രമാണ്. ഇത്രയും ഭീമമായ തുക ലീഗൽ ഫീസെന്ന പേരിൽ നീക്കിവെക്കാൻ ഒരു കമ്പനിക്ക് എങ്ങനെ കഴിയുന്നു? ദേശസുരക്ഷയുടെകൂടി പ്രശ്നം ഇതിലുണ്ട്. അമേരിക്കയിൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ യു.എസ് പ്രസിഡൻറിനോട് മോദി ആവശ്യപ്പെടണം. ഇന്ത്യയിൽ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സുർജേവാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.