ന്യൂഡൽഹി: ബി.ജെ.പി നേതാവ് വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി. വരുണിന് ബി.ജെ.പി സീറ്റ് നൽകാത്തത് ഗാന്ധി കുടുംബവുമായി ബന്ധമുള്ളതിനാലാണെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ പിലിഭിത്ത് മണ്ഡലത്തിൽ ഇത്തവണ ബി.ജെ.പി വരുണിന് സീറ്റ് നിഷേധിച്ചിരുന്നു. 2021ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ജിതിൻ പ്രസാദയാണ് ഇവിടെ പാർട്ടി സ്ഥാനാർഥി. നിലവിൽ അദ്ദേഹം യോഗി ആദിത്യനാഥ് സര്‍ക്കാറിൽ മന്ത്രിയാണ്. അതേസമയം, വരുണിന്റെ മാതാവ് മേനക ഗാന്ധി സിറ്റിങ് സീറ്റായ സുൽത്താൻപുരിൽനിന്ന് വീണ്ടും മത്സരിക്കും. വരുണിന് ഇത്തവണ സീറ്റ് നൽകില്ലെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
സീറ്റ് നിഷേധിച്ചാൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും സൂചനകളുണ്ടായിരുന്നു. എസ്.പിയും കോൺഗ്രസും വരുണിന് പിന്തുണയും വാഗ്ദാനം ചെയ്തു. എന്നാൽ, സീറ്റ് നിഷേധിച്ചതിനോട് വരുൺ ഇതുവരെ പ്രതികരിച്ചിട്ടില്ല. ‘വരുൺ മികച്ച പ്രതിച്ഛായയുള്ള ശക്തനായ നേതാവാണ്, അദ്ദേഹത്തിന് ഗാന്ധി കുടുംബവുമായി ബന്ധമുണ്ട്. അതുകൊണ്ടാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് നിഷേധിച്ചത്. വരുൺ കോൺഗ്രസിൽ ചേരണം. അദ്ദേഹം പാർട്ടിയിൽ ചേരുന്നത് ഞങ്ങൾക്ക് സന്തോഷമുള്ള കാര്യമാണ്’ -അധിർ ചൗധരി പറഞ്ഞു.
സംസ്ഥാനം ഭരിക്കുന്ന യോഗി ആദിത്യനാഥ് സര്‍ക്കാറിനെയും കേന്ദ്ര സർക്കാർ നിലപാടുകളെയും വിമർശിച്ച് പലതവണ വരുൺ രംഗത്തുവന്നിരുന്നു. ഇതാണ് സ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിവാക്കാൻ കാരണമെന്നാണ് പറയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.