ബംഗളൂരു: സൂര്യനെ നിരീക്ഷിക്കാൻ ലാഗ്റേഞ്ച് വൺ പോയന്റിലേക്കുള്ള സഞ്ചാരത്തിനിടെ ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് സെൽഫിയെടുത്തും ഭൂമിയെയും ചന്ദ്രനെയും കാമറയിൽ പകർത്തിയും ആദിത്യ എൽ വൺ. സെപ്റ്റംബർ നാലിന് ആദിത്യ പേടകത്തിലെ കാമറകൾ പകർത്തിയ ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ വ്യാഴാഴ്ച എക്സിൽ പങ്കുവെച്ചു.
പേടകത്തിലെ ബാഹ്യ ഉപകരണങ്ങളായ വെൽസ് (വിസിബിൾ എമിഷൻ ലൈൻ കൊറോണാഗ്രാഫ്), സ്യൂട്ട് (സോളാർ അൾട്രാ വയലറ്റ് ഇമേജർ) എന്നിവയുടെ വ്യക്തതയാർന്ന ചിത്രങ്ങളാണ് സെൽഫിയിലുള്ളത്. സൂര്യന്റെ പുറം ഭാഗത്തെ താപവ്യതിയാനങ്ങളും അത് ബഹിരാകാശത്തുണ്ടാക്കുന്ന മാറ്റങ്ങളും സംബന്ധിച്ച് വിവരം ശേഖരിക്കാനുള്ളതാണ് ‘വെൽസ്’. സൗര മണ്ഡലത്തിലെ ചിത്രം പകർത്താനുള്ളതാണ് ‘സ്യൂട്ട്’. ആദിത്യയുടെ ഓൺബോർഡ് കാമറകൾ പകർത്തുന്ന ആദ്യ ചിത്രങ്ങളാണിവ.
ഭൂമിയുടെ വ്യക്തമായ ചിത്രവും ചന്ദ്രന്റെ വിദൂര ദൃശ്യവും ഇവയിലുണ്ട്. ലക്ഷ്യത്തിലെത്തിയാൽ ഐ.എസ്.ആർ.ഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിലേക്ക് ദിനേന 1440 ചിത്രങ്ങളാണ് വെൽസ് അയക്കുക. ഇവ വിശകലനം ചെയ്താണ് പഠനം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.