വിലക്കയറ്റം, അഗ്നിപഥ്‌ വിഷയങ്ങളിൽ അടിയന്തര പ്രമേയങ്ങളുമായി കേരളാ എം.പിമാർ

ന്യൂഡൽഹി: രാജ്യത്തെ വിലക്കയറ്റം, അഗ്നിപഥ് എന്നിവ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളാ എം.പിമാർ പാർലമെന്‍റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ടി.എൻ പ്രതാപൻ, ഹൈബി ഈഡൻ, എ.എം ആരിഫ്, എളമരം കരീം, ബിനോയ് വിശ്വം എന്നിവർ വിലക്കയറ്റവും എ.എ റഹിം, പി. സന്തോഷ് കുമാര്‍ എന്നിവർ അഗ്നിപഥ് വിഷയത്തിലുമാണ് നോട്ടീസ് നൽകിയത്.

രാജ്യത്തെ വിലക്കയറ്റം അനിയന്ത്രിതവും അപകടകരവുമായ നിലയിലായെന്നും സർക്കാരിന്റെ കൈയിൽ സമ്പദ്‌വ്യവസ്ഥയുടെ യാതൊരു നിയന്ത്രണവുമില്ലാതെ സ്ഥിതി വിശേഷമായെന്നും ചൂണ്ടിക്കാട്ടി ടി.എൻ പ്രതാപൻ നോട്ടീസ് ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇന്ധനം മുതൽ ഭക്ഷണ-പാനീയങ്ങൾക്ക് വരെ വില കുതിച്ചുയരുന്നു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളുടെ മേൽ അധിക നികുതി അടിച്ചേൽപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പുതിയ ജി.എസ്‌.ടി പരിഷ്ക്കരണം ജനങ്ങൾക്ക് ഇടിത്തീയായി മാറിയിരിക്കുകയാണ്. മിക്ക പാക്കേജ്‌ഡ്‌ ഭക്ഷണ സാധനങ്ങൾക്കും അഞ്ചും ആറും രൂപയാണ് കൂടിയത്. ഇത്തരം വിഷയങ്ങൾ സഭകളിൽ ചർച്ച ചെയ്യാൻ സർക്കാർ തയാറാവാത്തത് എന്തു കൊണ്ടാണ്? ഇത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും ടി.എൻ പ്രതാപൻ ചൂണ്ടിക്കാട്ടുന്നു.

വിലക്കയറ്റവും ചരക്ക് സേവന നികുതി വർദ്ധനവും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ഹൈബി ഈഡൻ നോട്ടീസിൽ ആവശ്യപ്പെടുന്നു. വിലക്കയറ്റവും ജി.എസ്.ടി വർധനവും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. അരി, മറ്റ് ധാന്യങ്ങൾ, പാൽ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെ നികുതിയില്ലാത്ത ഇനങ്ങളായി നിലനിർത്തുമെന്ന വാഗ്ദാനത്തിൽ നിന്നും പിന്നോട്ട് പോകുക വഴി പ്രധാനമന്ത്രി ഇന്നാട്ടിലെ സാധാരണക്കാരായ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. കോവിഡ് കാലത്തെ സർക്കാരിന്റെ കെടുകാര്യസ്ഥതയും, വിലക്കയറ്റവും, എക്കാലത്തേയും വലിയ തൊഴിൽ ഇല്ലായ്മയും കൊണ്ട് വലഞ്ഞിരിക്കുന്ന ജനതക്ക് സർക്കാർ സമ്മാനിച്ച അധിക ഭാരമാണ് 5 ശതമാനം ചരക്ക് സേവന നികുതിയെന്നും നോട്ടീസിൽ ഉന്നയിച്ചു.

വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എ.എം ആരിഫ് ലോകസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾക്കും മറ്റ് നിത്യോപയോഗ സാധനങ്ങൾക്കും 5 ശതമാനം ജി.എസ്.ടി ചുമത്തിയ നടപടി പിൻവലിക്കണമെന്നും ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന വിലക്കയറ്റം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും സി.പി.എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം അടിയന്തിര പ്രമേയ നോട്ടീസിൽ ആവശ്യപ്പെടുന്നു.

വിവേചനരഹിതമായ വിലക്കയറ്റവും അവശ്യ ഭക്ഷ്യവസ്തുക്കളുടെ ജി.എസ്.ടു വർധനയും ചർച്ച ചെയ്യുന്നതിനായി രാജ്യസഭ എം.പി ബിനോയ് വിശ്വം 267 റൂൾ പ്രകാരമാണ് നോട്ടീസ് നൽകിയത്.

അഗ്നിപഥ്‌ സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ എ.എ റഹിം എം.പി നോട്ടീസ് നൽകി. സായുധ സേനകളെ കരാർവൽകരിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും. സായുധ പരിശീലനം നേടിയ തൊഴിൽ രഹിതരെ സൃഷ്ടിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും ഈ വിഷയം സഭ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.

അഗ്നിപഥ് വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ അംഗം പി. സന്തോഷ് കുമാര്‍ രാജ്യസഭയില്‍ റൂള്‍ 267 പ്രകാരം നോട്ടീസ് നല്‍കി. ഇതേവിഷയം ഉന്നയിച്ച് ഇന്നലെയും നോട്ടീസ് നല്‍കിയിരുന്നു.

Tags:    
News Summary - Adjournment resolution in Parliament rising price hike: Congress, Left MPs give notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.