ദിസ്പൂർ: അസമിലെ നാലു ജില്ലകളിൽ അഫ്സ്പ (സായുധ സേന പ്രത്യേക അധികാര നിയമം) ആറു മാസത്തേക്ക് നീട്ടി. അയൽരാജ്യമായ ബംഗ്ലാദേശിലെ സമീപകാല സ്ഥിതിഗതികൾ അസമിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുമെന്ന ആശങ്കകളെ തുടർന്നാണ് തീരുമാനമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
ടിൻസുകിയ, ദിബ്രുഗഡ്, ചരൈഡിയോ, ശിവസാഗർ എന്നീ ജില്ലകളിലാണ് അഫ്സ്പ നീട്ടി അധികൃതർ ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
സുരക്ഷാ സേനയുടെ നിരന്തര ശ്രമങ്ങളും കലാപ പ്രതിരോധ നടപടികളും കാരണം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ അസം സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാഹചര്യം മെച്ചപ്പെട്ടതായി പൊലീസ് ആസ്ഥാനത്തു ലഭിച്ച വിവിധ ഏജൻസികളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നയായി ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ബംഗ്ലാദേശിലെ സ്ഥിതിഗതികളാണ്
1958ലെ സായുധ സേന പ്രത്യേക അധികാര നിയമം നീട്ടാൻ അസം സർക്കാർ ശുപാർശ ചെയ്യാൻ കാരണമെന്നും അറിയിപ്പിൽ പറയുന്നു.
സംസ്ഥാന സർക്കാർ നിർദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ സംസ്ഥാനത്ത് അഫ്‌സ്പയ്ക്ക് കീഴിലുള്ള ഏക മേഖലയാണ് ഇപ്പോൾ നിയമം നീട്ടിയ നാല് ജില്ലകൾ.
ജോർഹട്ട്, ഗോലാഘട്ട്, കർബി ആംഗ്ലോംഗ്, ദിമ ഹസാവോ എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ വർഷമായിരുന്നു നിയമം പിൻവലിച്ചത്. 1990 നവംബറിലാണ് അഫ്സ്പ ആദ്യമായി അസമിൽ ഏർപ്പെടുത്തിയത്. വാറന്റില്ലാതെ എവിടെയും ഓപ്പറേഷൻ നടത്താനും ആരെയും അറസ്റ്റ് ചെയ്യാനും സുരക്ഷാ സേനയ്ക്ക് അഫ്സ്പ നിയമം അധികാരം നൽകുന്നു.
മനുഷ്യാവകാശ ലംഘനമാണെന്ന് അവകാശപ്പെട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് അഫ്സ്പ പിൻവലിക്കണമെന്ന് സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും മനുഷ്യാവകാശ പ്രവർത്തകരും നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.