ഹൈദരാബാദ്: തെലങ്കാനയിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ (കെ.സി.ആർ) നേതൃത്വത്തിലുള്ള ബി.ആർ.എസുമായുള്ള സഖ്യത്തിന് സാധ്യതയില്ലാതായതോടെ ഇടതു പാർട്ടികൾ കോൺഗ്രസുമായി അടുക്കാനൊരുങ്ങുന്നു. ഈ വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 119 സീറ്റുകളിൽ 115ലും ബി.ആർ.എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ബാക്കി സീറ്റുകളിലും പരിഗണനയുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് നീണ്ട 20 വർഷത്തിനുശേഷം തെലുഗു നാട്ടിൽ സി.പി.ഐയും സി.പി.എമ്മും കോൺഗ്രസുമായി കൈകോർക്കാനൊരുങ്ങുന്നത്. സീറ്റ് ചർച്ചകൾ തുടങ്ങാൻ ഇടതു പാർട്ടികളെ കോൺഗ്രസ് സമീപിച്ചിട്ടുണ്ട്. ചർച്ച നടത്തണമെന്ന് കോൺഗ്രസിന്റെ തെലങ്കാനയുടെ ചുമതലയുള്ള മണിക് റാവു താക്കറെ ആവശ്യപ്പെട്ടതായി സി.പി.എം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം പറഞ്ഞു. പാർട്ടി ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. കോൺഗ്രസ് വാഗ്ദാനം ചെയ്യുന്ന സീറ്റിനനുസരിച്ചായിരിക്കും ചർച്ചകൾ. ബി.ജെ.പിയെ ഒറ്റക്കെട്ടായി നേരിടുകയാണ് ലക്ഷ്യമെന്നും തമ്മിനേനി വീരഭദ്രം കൂട്ടിച്ചേർത്തു.
തൂക്കുസഭ വന്നാൽ കോൺഗ്രസ് അധികാരത്തിൽ വരാതിരിക്കാൻ ബി.ജെ.പി പിന്തുണ കെ.സി.ആർ പ്രതീക്ഷിക്കുന്നതിനാലാണ് ഇടതു പാർട്ടികളെ കൈവിട്ടതെന്നും സൂചനയുണ്ട്. ഇൻഡ്യ സഖ്യം വരുന്നതിനുമുമ്പ് ഇടതു പാർട്ടികൾ ഏറെ പ്രതീക്ഷയോടെയാണ് ബി.ആർ.എസിനെയും കെ.സി.ആറിനെയും കണ്ടത്. കഴിഞ്ഞ ജനുവരിയിൽ ചന്ദ്രശേഖര റാവു ഖമ്മത്ത് നടത്തിയ മഹാറാലിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവർ വേദി പങ്കിട്ടിരുന്നു. കോൺഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപവത്കരിക്കാനുള്ള ശ്രമമായിരുന്നു തുടങ്ങിയത്. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവടക്കമുള്ളവർ റാലിക്കെത്തിയിരുന്നു. ബി.ജെ.പിക്കെതിരായ ‘പുതിയ ചെറുത്തുനിൽപിന്’ ഖമ്മം റാലി തുടക്കമാകുമെന്നായിരുന്നു മൂന്നാം മുന്നണിയെ സൂചിപ്പിച്ച് പിണറായി വിജയൻ സംസാരിച്ചത്. എന്നാൽ, ചന്ദ്രശേഖരറാവു പിന്നീട് ഇടതു പാർട്ടികളെ അവഗണിക്കുകയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ചു വീതം സീറ്റുകളാണ് സി.പി.ഐയും സി.പി.എമ്മും ആവശ്യപ്പെടുന്നത്. ഇതിൽ രണ്ടെണ്ണം കോൺഗ്രസ് മത്സരിച്ച സീറ്റുകളാണ്. കോൺഗ്രസിന്റെ നിലപാടിനനുസരിച്ചാകും സഖ്യമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കുന്നംനേനി സാംബശിവ റാവു പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ നടന്ന മുനുഗോഡ് ഉപതെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ബി.ആർ.എസ് സ്ഥാനാർഥിയെ പിന്തുണച്ചിരുന്നു. തന്റെ പാർട്ടിയുടെ വിജയത്തിനുശേഷം സി.പി.ഐക്കും സി.പി.എമ്മിനും ചന്ദ്രശേഖര റാവു പ്രത്യേകം നന്ദി പറഞ്ഞിരുന്നു. ബി.ജെ.പിയെ അകറ്റിനിർത്താൻ സൗഹൃദം തുടരുമെന്നും അന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, മുനുഗോഡ് ഉപതെരഞ്ഞെടുപ്പ് വേളയിൽ തെലങ്കാനയിൽ ബി.ആർ.എസ്- ബി.ജെ.പി മത്സരമായിരുന്നെങ്കിൽ കർണാടക തെരഞ്ഞെടുപ്പിനുശേഷം അത് ബി.ആർ.എസ് -കോൺഗ്രസ് പോരാട്ടമായതായി സി.പി.എം സെക്രട്ടറി തമ്മിനേനി വീരഭദ്രം അഭിപ്രായപ്പെട്ടു. ആന്ധ്രപ്രദേശിലെ മുൻ മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ മകളും നിലവിലെ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശർമിളയുടെ പാർട്ടി കോൺഗ്രസിൽ ലയിക്കാനൊരുങ്ങുന്നത് തെലങ്കാനയിൽ ഇടത്-കോൺഗ്രസ് സഖ്യത്തിന് കൂടുതൽ ഊർജം പകരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.