പിലിഭിത്ത് (യു.പി): സിറ്റിങ് എം.പിയായ വരുൺ ഗാന്ധിക്ക് ടിക്കറ്റ് നിഷേധിച്ചതോടെ ശ്രദ്ധാകേന്ദ്രമായ പിലിഭിത്ത്, ഇക്കുറി ബി.ജെ.പിക്ക് നിലനിർത്താനാകുമോ? 1996നുശേഷം ആദ്യമായാണ് ബി.ജെ.പിക്കുവേണ്ടി വരുണോ അമ്മ മനേക ഗാന്ധിയോ മത്സരിക്കാതെ മണ്ഡലം തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഏപ്രിൽ 19ന് ആദ്യഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്.
ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രികൂടിയായ ജിതിൻ പ്രസാദയാണ് ഇക്കുറി ബി.ജെ.പി സ്ഥാനാർഥി. 2004, 2009 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ഷാജഹാൻപൂർ, ധരുറ മണ്ഡലങ്ങളിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച പ്രസാദ, 2021ലാണ് ബി.ജെ.പിയിൽ ചേർന്നത്. മണ്ഡലത്തിൽ അപരിചിതനായ പ്രസാദക്ക് മണ്ഡലം നിലനിർത്താൻ കഴിയുമോയെന്നതാണ് ചോദ്യം. പ്രത്യേകിച്ച് പിലിഭിത്തുമായുള്ള വരുൺ ഗാന്ധിയുടെ ബന്ധം ആഴമേറിയതാകുമ്പോൾ. ടിക്കറ്റ് നിഷേധിക്കപ്പെട്ടശേഷം അദ്ദേഹം എഴുതിയ വൈകാരിക കത്ത് ഈ ബന്ധം പ്രതിഫലിപ്പിക്കുന്നതാണ്. മണ്ഡലത്തിലെ ജനങ്ങളുമായുള്ള ബന്ധം അവസാന ശ്വാസംവരെ നിലനിർത്തുമെന്ന് അതിൽ ഉറപ്പിച്ചു പറയുന്നു. വരുണിന് സീറ്റ് നിഷേധിച്ചതിൽ പാർട്ടിയിൽതന്നെ അതൃപ്തിയുണ്ട്.
അതേസമയം, ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മണ്ഡലത്തിൽ പ്രചാരണത്തിന് എത്തുന്നുണ്ട്. മണ്ഡലത്തിൽനിന്നും തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുനിന്നും വിട്ടുനിൽക്കുന്ന വരുൺ, മോദിയുടെ റാലിക്ക് എത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
സമാജ്വാദി പാർട്ടി സ്ഥാനാർഥിയായ, മുൻമന്ത്രി ഭഗവത് സരൺ ഗാങ്വാറാണ് പ്രസാദയുടെ മുഖ്യ എതിരാളി. ബി.എസ്.പി ടിക്കറ്റിൽ മുൻമന്ത്രി അനിസ് അഹമ്മദും മത്സരിക്കുന്നു.
പിലിഭിത് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന അഞ്ച് നിയമസഭ സീറ്റുകളിൽ 2022ലെ തെരഞ്ഞെടുപ്പിൽ നാലിലും ബി.ജെ.പിയാണ് ജയിച്ചത്. ഒന്ന് സമാജ്വാദി പാർട്ടിക്കാണ്.
1989ൽ ജനതാദൾ ടിക്കറ്റിൽ പിലിഭിത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മനേകാ ഗാന്ധി, 1991ൽ വീണ്ടും മത്സരിച്ചെങ്കിലും തോൽവിയറിഞ്ഞു. 1996ൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചു. 1998ലും 1999ലും സ്വതന്ത്രയായി മത്സരിച്ചപ്പോഴും മണ്ഡലം നിലനിർത്തി. 2004ലും 2014ലും ബി.ജെ.പി ടിക്കറ്റിലും മത്സരിച്ചാണ് തെരഞ്ഞെടുക്കപ്പെട്ടത്. വരുൺ ഗാന്ധി 2009ലും 2019ലുമാണ് ബി.ജെ.പി സ്ഥാനാർഥിയായി ജയിച്ചത്. 2019ൽ സുൽത്താൻപൂരിൽനിന്നാണ് മനേക എം.പിയായത്. ഇക്കുറി വീണ്ടും അവിടെ ജനവിധി തേടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.