49 ദിവസത്തിന് ശേഷം സിദ്ദീഖ് കാപ്പന് അഭിഭാഷകനുമായി സംസാരിക്കാൻ അവസരം ലഭിച്ചു

ന്യൂഡൽഹി: യു.പിയിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് 49 ദിവസത്തിന് ശേഷം അഭിഭാഷകനുമായി സംസാരിക്കാൻ അവസരം ലഭിച്ചു. യു.പിയിൽ ജയിലിൽ കഴിയുന്ന കാപ്പൻ ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമിനിറ്റോളം വക്കീൽ അഡ്വ.വിൽസ് മാത്യുസുമായി സംസാരിച്ചു.

'സുഖമായി ഇരിക്കുന്നു. മരുന്നും ഭക്ഷണവും ലഭിക്കുന്നുണ്ടെന്നും കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു' -മാത്യൂസ് പറഞ്ഞു. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കാണാനോ വക്കാലത്തിൽ ഒപ്പിടാനോ അനുവാദമുണ്ടായിരുന്നില്ല.വക്കീൽ ദിവസങ്ങളായി കാപ്പനുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചിരുന്നില്ല. കെ.യു.ഡബ്ല്യു.ജെ അഭിഭാഷകനാണ് വില്‍സ് മാത്യുസ്

കാപ്പനുമായി സംസാരിക്കാന്‍ അഭിഭാഷകന് അവസരം ഒരുക്കണമെന്ന് ജേണലിസ്റ്റ് യൂണിയന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കാപ്പൻ അഭിഭാഷകനുമായി സംസാരിക്കാന്‍ അവസരം ഒരുക്കിയത്.

ഒക്ടോബർ 5ന് യു.പിയിലെ ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ പോവുന്നതിനിടെയാണ് കാപ്പനടക്കം നാലുപേരെ മഥുര പൊലീസ് അറസ്റ്റ് ചെയ്തത്.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് ആരോപിച്ചാണ് സിദ്ദിഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. മേഖലയിൽ നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ചു, സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ആദ്യം മഥുര പൊലീസ് സിദ്ദിഖിനെതിരെ ചുമത്തിയിരുന്നത്. പിന്നീട് രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെ കൂടുതല്‍ കുറ്റങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.