മുംബൈ: നിസാരമായ വാക് തർക്കത്തെ തുടർന്ന് യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഡിസംബർ 26ന് രാത്രി നടന്ന സംഭവത്തിൽ 24 മണിക്കൂറിനുള്ളിൽ ശിവാജി പാർക്ക് പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. ശിവാജി പാർക്ക് പോലീസ് സ്റ്റേഷനിൽ പോലീസ് സബ് ഇൻസ്പെക്ടർ വൈഭവ് ഗെയ്ക്വാദിനാണ് വെള്ളിയാഴ്ച രാവിലെ പരാതി ലഭിച്ചത്. ശിവാജിയിലെ രുക്മിണി സദൻ കെട്ടിടത്തിന് മുന്നിലെ ഫുട്പാത്തിൽ ഒരാൾ രക്തത്തിൽ കുളിച്ച് കിടക്കുന്നതായി വിവരം ലഭിക്കുകയായിരുന്നു. ശിവാജി പാർക്ക് പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിക്കേറ്റയാളെ സിയോൺ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരിച്ചു.
ചന്ദൻ (40) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അജ്ഞാതനായ അക്രമി ചന്ദനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് മനോജ് എന്ന മാന്യ സഹാരെ (30) എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ മാലിന്യം ശേഖരിക്കുന്ന മാന്യ കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം സംശയാസ്പദമായി കറങ്ങുന്നത് പൊലീസ് കണ്ടെത്തുകയായിരുന്നു. കൂടുതൽ അന്വേഷണത്തിൽ സംഭവദിവസം രാത്രി മാന്യയെ ചന്ദനൊപ്പം കണ്ടിരുന്നതായി കണ്ടെത്തി.
പ്രതിയെ കസ്റ്റഡിലിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഷർട്ടിൽ ഉണങ്ങിയ രക്തക്കറകൾ ഉദ്യോഗസ്ഥർ ശ്രദ്ധിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ നിസാര തർക്കത്തിന്റെ പേരിൽ ചന്ദനെ കൊലപ്പെടുത്തിയതായി മാന്യ സമ്മതിച്ചു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.