ചെന്നൈ: മൂന്ന് ദിവസത്തിനുള്ളിൽ രണ്ട് ജാതിക്കൊല ഉൾപ്പെടെ അഞ്ച് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്ത തിരുനൽവേലി ജില്ല കടുത്ത പിരിമുറക്കത്തിൽ. ജാതിക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയൊട്ടുക്കും സംഘർഷാവസ്ഥ നിലനിൽക്കുന്നതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച മുതൽ ബുധനാഴ്ച രാത്രി വരെയുള്ള സമയത്തിനിടെയാണ് ഈ കൊലപാതകങ്ങൾ അരങ്ങേറിയത്.
തിങ്കളാഴ്ച രാത്രി സവർണ സമുദായത്തിൽപ്പെട്ട മുന്നീർപള്ളത്തിനടുത്ത നൈനാർകുളം ശങ്കര സുബ്രമണ്യൻ (37)നെ ഒരുസംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയതാണ് തുടക്കം. 2013ൽ മന്തിരം എന്ന പട്ടികജാതിക്കാരനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് സംഭവമെന്ന് പൊലീസ് പറയുന്നു. മന്തിരത്തിെൻറ മൃതദേഹം സംസ്കരിച്ച സ്ഥലത്തോട് ചേർന്നാണ് ശങ്കര സുബ്രമണ്യന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ തല അറുത്തെടുത്ത് ശവക്കുഴിക്ക് മുകളിൽ ഉപേക്ഷിച്ചു. സംഭവത്തിൽ മന്തിരത്തിെൻറ മകൻ കോത്തൻകുളം സ്വദേശി മഹാരാജ (20) ഉൾപ്പെടെ ആറുപേരെ പിടികൂടി.
ഇതിന് പ്രതികാരമായി സവർണ സമുദായാംഗങ്ങൾ ബുധനാഴ്ച പുലർെച്ച അഞ്ചിന് ഗോപാലസമുദ്രം സ്വദേശി മാരിയപ്പൻ എന്നയാളെ കൊലപ്പെടുത്തി. ശങ്കര സുബ്രമണ്യെൻറ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മാരിയപ്പെൻറ അറുത്ത് മാറ്റിയ തല ഉപേക്ഷിച്ചാണ് പ്രതികൾ കടന്നുകളഞ്ഞത്. 2014 ൽ നടന്ന മറ്റൊരു ജാതിക്കൊലയിലെ പ്രതികളിലൊരാളാണ് മാരിയപ്പൻ. ഇതോടെ മുന്നീർപള്ളം ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും സംഘർഷ സാധ്യത ഉടലെടുത്തു. കനത്ത പൊലീസ് സന്നാഹം മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്.
ജില്ല പൊലീസ് സൂപ്രണ്ട് മണിവണ്ണൻ സ്ഥലത്ത് എത്തി. പ്രതികളെ പിടികൂടാൻ െഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പാർഥിഭെൻറ നേതൃത്വത്തിൽ എട്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. മാരിയപ്പൻ വധക്കേസിൽ മേളസേവലിലെ എസ്. ശിവ (23), എം. ശിവ (24) എന്നിവരടക്കം എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമങ്ങൾ ആവർത്തിക്കാതിരിക്കാനും സാമുദായിക സൗഹാർദം നിലനിർത്താനും സർവകക്ഷി യോഗം വിളിച്ചുചേർക്കുമെന്ന് എസ്.പി മണിവണ്ണൻ അറിയിച്ചു.
ജാതിക്കൊലപാതകങ്ങളുമായി ബന്ധപ്പെട്ട സംഘർഷാവസ്ഥ നിലനിൽക്കവെയാണ് തിരുനൽവേലി സിറ്റി പൊലീസ് പരിധിയിൽ അബ്ദുൽഖാദർ എന്നയാൾ കുത്തേറ്റ് മരിച്ചത്. സാത്താൻകുളം സ്വദേശിയായ പണമിടപാടുകാരെൻറ കൊലപാതകത്തിന് പകപോക്കലായാണ് ഇതെന്ന് സൂചനയുണ്ട്.
നെടുവിളൈയിലും അംബാസമുദ്രത്തിലുമാണ് മറ്റ് രണ്ടുകൊലപാതകങ്ങൾ അരങ്ങേറിയത്. കളക്കാടിനടുത്ത നെടുവിളൈയിൽ കുടുംബ തർക്കത്തിനിടെ കൃഷ്ണൻ (59) എന്നയാൾ ഭാര്യാപിതാവ് പൊന്നുദുരൈയെ വെട്ടിക്കൊല്ലുകയായിരുന്നു. അംബാസമുദ്രത്തിൽ തങ്കപാണ്ടിയെന്ന 28കാരനെ അയൽവാസികൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. ഇൗ കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടിൽ ജാതിവേർതിരിവുകളും ഇതിെൻറ പേരിൽ അക്രമ സംഭവങ്ങളും ഏറ്റവും കൂടുതൽ നടക്കുന്ന ജില്ലകളിലൊന്നാണ് തിരുനൽവേലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.