​മുറാദാബാദ് കലാപം: ആർ.എസ്.എസിനും സർക്കാറിനും ക്ലീൻ ചിറ്റ്, മുസ്‍ലിം ലീഗിന് പഴിചാരൽ; 40 വർഷത്തിന് ശേഷം അന്വേഷണ റിപ്പോർട്ട് യു.പി നിയമസഭയിൽ

ലഖ്നോ: 289 പേർ കൊല്ലപ്പെട്ട 1980ലെ ​മുറാദാബാദ് കലാപത്തെക്കുറിച്ച് ജസ്റ്റിസ് എം.പി. സക്‌സേന കമീഷന്റെ അന്വേഷണ റിപ്പോർട്ട് 40 വർഷത്തിന് ശേഷം ഇന്നലെ യു.പി നിയമസഭയിൽ​വെച്ചു. ആർ.എസ്.എസിനും സർക്കാറിനും ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ടിൽ ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് (ഐ.യു.എം.എൽ) നേതാവ് ഷമീം അഹമ്മദ്, ഹമീദ് ഹുസൈൻ എന്നിവർ കലാപത്തിന് പ്രേരണ നൽകിയെന്നാണ് പറയുന്നത്. കലാപം നടന്ന് മൂന്ന് വർഷത്തിന് ശേഷം സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട് ഇതുവരെ പുറംലോകം കണ്ടിരുന്നില്ല.

മരണസംഖ്യ 289 ആണെന്നായിരുന്നു അന്നത്തെ സംസ്ഥാന ആഭ്യന്തര മന്ത്രി സ്വരൂപ് കുമാരി ബക്ഷി നിയമസഭയെ അറിയിച്ചത്. എന്നാൽ, മരിച്ചവരുടെ എണ്ണം 84 ഉം പരിക്കേറ്റവരുടെ എണ്ണം 112 ഉം ആണെന്ന് കമീഷൻ പറയുന്നു. 1980 ഓഗസ്റ്റിലായിരുന്നു മുറാദാബാദിനെ പിടിച്ചുകുലുക്കിയ വർഗീയ കലാപം.

ഓഗസ്റ്റ് 13ന് മുറാദാബാദ് പട്ടണത്തിലെ ഈദ്ഗാഹിൽ ആരംഭിച്ച അക്രമം, സംഭാൽ, അലിഗഡ്, ബറേലി, അലഹബാദ് എന്നിവിടങ്ങളിൽ 1981 വരെ നീണ്ടുനിന്നു. കലാപകാലത്ത് വിശ്വനാഥ് പ്രതാപ് സിങ്ങിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാറായിരുന്നു ഉത്തർപ്രദേശ് ഭരിച്ചത്. ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി.

1983 ഓഗസ്റ്റ് ഒന്നിന് അലഹബാദ് ഹൈക്കോടതി ജഡ്ജിയായി വിരമിച്ച സക്‌സേന ആ വർഷം നവംബർ 29നാണ് 400ലധികം പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, നാളിതുവരെ അതിന്റെ ഉള്ളടക്കം പരസ്യമാക്കുകയോ ശുപാർശകളിൽ നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.

പൊലീസുകാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾക്കും കലാപത്തിൽ പങ്കില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുസ്‍ലിം ലീഗ് നേതാവ് ഷമീം അഹമ്മദും ഹമീദ് ഹുസൈനും കലാപത്തിന് പ്രേരണ നൽകിയെന്നും ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥനോ ഹിന്ദുവോ അക്രമത്തിന് ഉത്തരവാദികളല്ലെന്നും ചൂണ്ടിക്കാട്ടിയ റിപ്പോർട്ടിൽ സാധാരണ മുസ്‍ലിംകൾക്കും ക്ലീൻ ചിറ്റ് നൽകുന്നു.

കലാപത്തെകുറിച്ച് മൂന്ന് കാര്യങ്ങൾ പരിശോധിക്കുകയായിരുന്നു ഏകാംഗ കമീഷന്റെ ചുമതല. കലാപത്തിന്റെ വസ്തുതകൾ കാരണങ്ങൾ, പ്രാദേശിക ഉദ്യോഗസ്ഥർ സ്വീകരിച്ച നടപടികൾ, സർക്കാർ ഉദ്യോഗസ്ഥരും ജീവനക്കാരും ഉത്തരവാദിത്തം നിറവേറ്റിയോ എന്നിവയാണ് പരിശോധിച്ചത്. “ഈദ്ഗാഹിലും മറ്റ് സ്ഥലങ്ങളിലും ഉണ്ടായ പ്രശ്‌നങ്ങൾക്ക് സർക്കാർ ഉദ്യോഗസ്ഥരോ ഹിന്ദുക്കളോ ഉത്തരവാദികളല്ലെന്ന നിഗമനത്തിലാണ് കമ്മീഷൻ. ഈ കലാപങ്ങളിൽ ആർഎസ്എസിൻറെയോ ബിജെപിയുടെയോ പങ്ക് എവിടെയും പുറത്തുവന്നിട്ടില്ല. ഈദ്ഗാഹിലെ പ്രശ്നത്തിന് സാധാരണ മുസ്‍ലിംകൾ പോലും ഉത്തരവാദിയല്ല" -റിപ്പോർട്ട് പറയുന്നു.

‘ഡോ. ഷമീം അഹമ്മദിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗിന്റെയും ഡോ. ഹമീദ് ഹുസൈൻ എന്നയാളുടെ അനുയായികളുടെയും പ്രവർത്തനത്തിന്റെ ഫലമായിരുന്നു കലാപം. ഈദ്ഗാഹിൽ നമസ്‌കരിക്കുന്നവർക്കിടയി​ലേക്ക് പന്നികളെ അഴിച്ചുവിട്ടുവെന്നും കുട്ടികൾ ഉൾപ്പെടെയുള്ള മുസ്‌ലിംക​ളെ കൊലപ്പെടുത്തിയെന്നും പ്രചരിച്ചു. ഇത് പൊലീസ് സ്‌റ്റേഷനുകളും പൊലീസ് ഔട്ട്‌പോസ്റ്റുകളും ഭൂരിപക്ഷ സമുദായക്കാരെയും ആക്രമിക്കാൻ ന്യൂനപക്ഷ സമുദായാംഗങ്ങളെ പ്രേരിപ്പിച്ചു. ഇത് ഹിന്ദുക്കളെ തിരിച്ചടിക്കാൻ നിർബന്ധിതരാക്കി. തുടർന്ന് വർഗീയ കലാപമായി മാറി’ -റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - After four decades, Moradabad riot report tabled In UP Assembly: RSS, officials exonerated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.