ന്യൂഡൽഹി: വിമാനയാത്രയിൽ നിയമങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി വ്യോമയാനമന്ത്രാലയം. വിമാനത്തിനുള്ളിൽ ഒരു തരത്തിലുമുള്ള ഫോട്ടോഗ്രാഫിയും അനുവദിക്കാനാവില്ലെന്ന് ഡി.ജി.സി.എ വ്യക്തമാക്കി. കങ്കണ റണാവത്തിൻെറ ഛണ്ഡിഗഢ്-മുംബൈ യാത്രക്കിടെ ചട്ടങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടതിനെ തുടർന്നാണ് ഡി.ജി.സി.എ മുന്നറിയിപ്പ്.
പ്രത്യേക അനുമതിയില്ലാത്ത ആർക്കും വിമാനങ്ങൾക്കുള്ളിൽ ഫോട്ടോയെടുക്കാൻ അനുവാദമില്ലെന്ന് ഡി.ജി.സി.എ ഉത്തരവിൽവ്യക്തമാക്കുന്നു. ഏതെങ്കിലും വിമാനകമ്പനി ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ ആ റൂട്ടിൽ പ്രസ്തുത കമ്പനിയെ രണ്ടാഴ്ചത്തേക്ക് വിലക്കുമെന്നും ഉത്തരവിലുണ്ട്. നിയമലംഘനത്തിൽ വിമാനകമ്പനി നടപടിയെടുത്തുവെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ വീണ്ടും അതേ റൂട്ടിൽ സർവീസ് നടത്താൻ അനുവദിക്കുകയുള്ളു.
കങ്കണ റണാവത്തിൻെറ യാത്രക്കിടെ മാധ്യമപ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് വിമാനത്തിനുള്ളിൽ നടിയുടെ ഫോട്ടോയും വീഡിയോയും എടുത്തത് വിവാദമായിരുന്നു. അതേസമയം, കങ്കണയുടെ യാത്രക്കിടെ വിമാനത്തിലുണ്ടായ സംഭവത്തിൽ പ്രതികരണവുമായി ഇൻഡിഗോ രംഗത്തെത്തി. കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ കാബിൻ ക്രൂ അംഗങ്ങളും ക്യാപ്റ്റനും നിരന്തരമായി യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി. എല്ലാവർക്കും സുരക്ഷിത യാത്ര ഒരുക്കുകയാണ് ഇൻഡിഗോയുടെ ലക്ഷ്യമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.