ന്യൂഡൽഹി: മഴക്കാല പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം മണിപ്പൂർ വിഷയത്തിൽ തട്ടി ഇരുസഭകളിലും നടപടികൾ സ്തംഭിച്ചു. മുഖ്യമന്ത്രി ബിരേൻസിങ്ങിനെ പുറത്താക്കി മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക, പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തുക, അംഗങ്ങളുടെ ചോദ്യങ്ങൾക്ക് വിശദീകരണം നൽകുന്ന വിധം 267-ാം ചട്ടപ്രകാരം രാജ്യസഭയിൽ ചർച്ച അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷം മുന്നോട്ടുവെക്കുന്നത്.
ചർച്ചയാകാമെന്ന നിലപാട് പ്രകടിപ്പിച്ച സർക്കാർ, മറ്റു നടപടികൾ നിർത്തിവെച്ച് മണിപ്പൂർ ആദ്യം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷാവശ്യത്തിന് വഴങ്ങിയില്ല. നിശ്ചിത തീയതിയും സമയവും നിശ്ചയിച്ച് സാധാരണ ചർച്ച അനുവദിക്കാമെന്ന സർക്കാർ സമീപനം അംഗീകരിക്കാൻ പ്രതിപക്ഷവും തയാറായില്ല. ഇതോടെ രാജ്യസഭയിലും ലോക്സഭയിലും നടപടി മുടങ്ങി.
ബംഗളൂരുവിൽ ചേർന്ന് ‘ഇൻഡ്യ’ മുന്നണി പ്രഖ്യാപിച്ച പ്രതിപക്ഷം യോജിച്ച നിലപാടിന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ മുറിയിൽ യോഗം ചേർന്ന ശേഷമാണ് സഭകളിലേക്ക് നീങ്ങിയത്. മണിപ്പൂർ വിഷയത്തിൽ ഉടനടി ചർച്ച ആവശ്യപ്പെട്ട് ഇരുസഭകളിലും വിവിധ പ്രതിപക്ഷ പാർട്ടികളിലെ നിരവധി അംഗങ്ങൾ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. പ്രതിപക്ഷ മുന്നണിയുടെ ഭാഗമല്ലാത്ത ബി.ആർ.എസും അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, സഭാധ്യക്ഷന്മാർ അനുവദിച്ചില്ല. വരും ദിവസങ്ങളിലും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ തുടരുമെന്ന് വ്യക്തമാണ്.
ഫ്രാൻസിലും അമേരിക്കയിലും യാത്ര പോകാനും എൻ.ഡി.എ സഖ്യത്തിന്റെ 38 പാർട്ടികളെ വിളിച്ചുകൂട്ടാനും സമയമുള്ള പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ പോകാൻ ഇനിയും സമയം കിട്ടാത്തത് എന്തുകൊണ്ടാണെന്ന് മല്ലികാർജുൻ ഖാർഗെ ചോദിച്ചു. രണ്ടര മാസമായി തുടരുന്ന കലാപം നിയന്ത്രിക്കാൻ കഴിയാതെ ആഭ്യന്തര മന്ത്രി അമിത് ഷാ പരാജയമാണെന്ന് സ്വയം തെളിയിച്ചു. അക്രമം നടത്തുന്ന ജനക്കൂട്ടത്തിന്റെ ഭരണമാണ് മണിപ്പൂരിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന നിശ്ശബ്ദതക്ക് രാജ്യം ക്ഷമിക്കില്ല. ഔദ്യോഗിക കണക്കുപ്രകാരം 142 പേർ ഇതിനകം മരിച്ചു. 54,488 പേർ വീടു നഷ്ടപ്പെട്ട് അഭയാർഥികളായി മാറി. ഇതൊന്നും പാർലമെന്റ് അടിയന്തരമായി പരിഗണിക്കേണ്ട വിഷയങ്ങളല്ലേ എന്ന് ഖാർഗെ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.