ന്യൂഡൽഹി: മുസ്‌ലിംകൾക്കെതിരെ വംശഹത്യക്കും ആയുധം ഉപയോഗിക്കുന്നതിനുമുള്ള പരസ്യമായ ആഹ്വാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ രോഷത്തിനും അപലപത്തിനും ശേഷം ഹരിദ്വാറിലെ മതസമ്മേളനത്തിൽ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് ഒടുക്കം പൊലീസ് കേസെടുത്തു. സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തത്. ഒരാളെ മാത്രം പ്രതി ചേർത്താണ് പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇയാൾ അടുത്തിടെ ഇസ്ലാം മതത്തിൽനിന്ന് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്ത ആളാണ്. സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഡിസംബർ 17 മുതൽ 20 വരെ നടന്ണ്പരിപാടിയിൽ നിന്നുള്ള ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും മുൻ സൈനിക മേധാവികൾ, ആക്ടിവിസ്റ്റുകൾ, അന്താരാഷ്ട്ര ടെന്നീസ് ഇതിഹാസം മാർട്ടിന നവരത്ത്ലോവ എന്നിവരിൽ നിന്ന് നിശിത വിമർശനം നേരിടുകയും ചെയ്തിരുന്നു.
പരാതിയില്ലാത്തതിനാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പൊലീസ് ആദ്യം അവകാശപ്പെട്ടത്. "പൊലീസ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്," ഹരിദ്വാർ പൊലീസ് സൂപ്രണ്ട് സ്വതന്ത്ര കുമാർ സിംഗ് വീഡിയോ പ്രചരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേതാവും വിവരാവകാശ പ്രവർത്തകനുമായ സാകേത് ഗോഖലെയുടെ പരാതിയെത്തുടർന്ന് സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ ഉത്തർപ്രദേശിലെ ഷിയ വഖഫ് ബോർഡ് ചെയർമാനായിരുന്ന വസീം റിസ്‌വി എന്ന ജിതേന്ദർ നാരായണന്‍റെ പേരുണ്ട്. അദ്ദേഹവും മറ്റുള്ളവരും പരിപാടിയിൽ ഇസ്ലാമിനെതിരെ അപകീർത്തികരവും പ്രകോപനപരവുമായ പ്രസ്താവന നടത്തിയതായി എഫ്.ഐ.ആർ പറയുന്നു.
'ഒരു പ്രത്യേക മതത്തിനെതിരെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി വിദ്വേഷം പ്രചരിപ്പിച്ചതിന് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ട്, വസീം റിസ്‌വി എന്ന ജിതേന്ദ്ര നാരായൺ ത്യാഗി ഉൾപ്പെടെയുള്ളവർക്കെതിരെ ഐ.പി.സി 153 എ പ്രകാരം കോട്വാലി ഹരിദ്വാറിൽ കേസ് രജിസ്റ്റർ ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു. അന്വേഷണം പുരോഗതിയിലാണ്' -ഉത്തരാഖണ്ഡ് പൊലീസ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.