യോഗി ആദിത്യനാഥ്

‘പൈതൃകം തിരിച്ചുപിടിക്കുന്നതിൽ എന്താ തെറ്റ്’; മന്ദിർ -മസ്ജിദ് വിവാദത്തിൽ യോഗി ആദിത്യനാഥ്

പ്രയാഗ്‌രാജ്: ഉത്തരേന്ത്യയിൽ വ്യാപകമാകുന്ന മന്ദിർ -മസ്ജിദ് തർക്കങ്ങളിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. പൈതൃകം തിരിച്ചുപിടിക്കുന്നതിൽ തെറ്റില്ലെന്നാണ് ആജ് തക്കിന്റെ ധർമ സൻസദ് പരിപാടിയിൽ യോഗിയുടെ പ്രതികരണം. മഹാ കുംഭമേള നടക്കുന്ന സ്ഥലം വഖഫ് സ്വത്തായിരുന്നുവെന്ന അവകാശവാദത്തെയും യു.പി മുഖ്യമന്ത്രി തള്ളി.

“പൈതൃകം തിരിച്ചുപിടിക്കുന്നത് ഒരു മോശം കാര്യമല്ല. സനാതനത്തിന്റെ തെളിവാണ് ഇപ്പോൾ സംഭലിൽ കാണുന്നത്. തർക്ക മന്ദിരങ്ങളെ ഒരിക്കലും മസ്ജിദ് എന്ന് വിളിക്കരുത്. മുസ്‌ലിം ലീഗിന്റെ ഇംഗിതമനുസരിച്ച് ഇന്ത്യ ഭരിക്കാനാകില്ല” -യോഗി പറഞ്ഞു. മന്ദിർ -മസ്ജിദ് വിവാദം എല്ലായിടത്തും ഉയർത്തുന്നതിൽ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ആശങ്കയറിയിച്ച് ദിവസങ്ങൾ മാത്രം പിന്നിടവെയാണ് യോഗിയുടെ പരാമർശം.

സംഭലിലെ ഷാഹി ജമാ മസ്ജിദിലെ സർവേയും സംഘർഷവുമായി ബന്ധപ്പെട്ടും യോഗി പ്രതികരിച്ചു. പുരാണങ്ങളിൽ സംഭലിനെ, വിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ജനന സ്ഥലമായാണ് പ്രതിപാദിക്കുന്നത്. അവിടെയുണ്ടായിരുന്ന ഹരിഹര ക്ഷേത്രം 1596ൽ തകർക്കപ്പെട്ടതാണ്. ‘ഐൻ-ഇ-അക്ബാരി’യിൽ ഇത് പറയുന്നുണ്ടെന്നും യോഗി പറഞ്ഞു.

നേരത്തെ മസ്ജിദിൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട ഹരജിക്കാർ ‘ബാബർ നാമ’യിലും ‘ഐൻ-ഇ-അക്ബാരി’യിലും ക്ഷേത്രത്തെ കുറിച്ച് പരാമർശമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. മുഗൾ ചക്രവർത്തി അക്ബറിന്റെ കാലഘട്ടത്തിലെ ഭരണത്തെ കുറിച്ച് വിവരിക്കുന്ന ചരിത്ര ഗ്രന്ഥമാണ് ഐൻ-ഇ-അക്ബാരി. അക്ബറിന്റെ കോർട്ട് ഹിസ്റ്റോറിയനായ അബുൽ ഫാസലാണ് ഇതിന്റെ രചയിതാവ്. 

Tags:    
News Summary - Yogi Adityanath on mandir-masjid debate: What's wrong with reclaiming heritage?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.