പാട്ന: ബി.ജെ.പിയുമായി ഇപ്പോഴും ബന്ധം പുലർത്തുന്നുവെന്ന പ്രശാന്ത് കിഷോറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രശാന്ത് കിഷോറിന്റെ ആരോപണങ്ങൾ പബ്ലിസിറ്റിക്ക് വേണ്ടി മാത്രം നടത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 'പ്രശാന്ത് ചെറുപ്പമാണ്. എന്തും പറയും' -ബിഹാർ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ദയവ് ചെയ്ത് അദ്ദേഹത്തെ കുറിച്ച് എന്നോട് ചോദിക്കരുത്. അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കട്ടെ. അദ്ദേഹം സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. അദ്ദേഹത്തിന് തോന്നുന്നത് പറയാം. നമ്മൾ അത് ശ്രദ്ധിക്കേണ്ടതില്ല. എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയ സമയമുണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ മനസിൽ എന്താണെന്ന് എനിക്കറിയില്ല. - നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
അദ്ദേഹം ചെറുപ്പമാണ്. ഞാൻ ബഹുമാനിക്കുന്നയാൾ എന്നോട് അപമര്യാദയായി പെരുമാറി. നിങ്ങൾക്കെല്ലാം അതറിയാം.- നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
നിതീഷ് കുമാർ ബി.ജെ.പിയുമായുള്ള ബന്ധം വിട്ടിട്ടില്ലെന്നായിരുന്നു രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ആരോപണം. ആഗസ്റ്റിലാണ് നിതീഷ് കുമാർ എൻ.ഡി.എ വിട്ട് ആർ.ജെ.ഡിയുമായി ചേർന്ന് ബിഹാർ ഭരിക്കാൻ തുടങ്ങിയത്. എന്നാൽ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് ഇപ്പോഴും തുടരുകയാണെന്നും അതുവഴി ബി.ജെ.പിയുമായുള്ള ബന്ധം നിതീഷ് തുടരുന്നുണ്ടെന്നും പ്രശാന്ത് കിഷോർ ആരോപിച്ചിരുന്നു.
'എനിക്ക് അറിയാവുന്നിടത്തോളം നിതീഷ് കുമാർ മഹാഘട്ബന്ധനോടൊപ്പമാണെങ്കിലും ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് രാജ്യസഭാ ഡെപ്യൂട്ടി ചെയർമനായ ജെ.ഡി.യു എം.പി ഹരിവംശ്. അദ്ദേഹം രാജ്യസഭയിലെ സ്ഥാനം രാജിവെക്കുകയോ പാർട്ടി അങ്ങനെ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിട്ടുമില്ല. -എന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.