വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ്: പൂജ ഖേദ്കറിനു മുമ്പ് മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥനു നേരെയും ആരോപണം

ന്യൂഡൽഹി: ചുമതലയേൽക്കുന്നതിന് മുമ്പ് അമിതാധികാരം പ്രയോഗിച്ചതിനെ തുടർന്ന് സ്ഥലം മാറ്റിയ ഐ.എ.എസ് ട്രെയ്നി പൂജ ഖേദ്കറിനു മുമ്പ് മറ്റൊരു സിവിൽ സർവീസ് ഉദ്യോഗസ്ഥനും വിവാദത്തിൽപെട്ടിരുന്നു. യു.പി.എസ്.സി പരീക്ഷയിൽ 841ാം റാങ്ക് ലഭിച്ച പൂജ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റും ക്രീമിലെയർ സർട്ടിഫിക്കറ്റും ഉപയോഗിച്ചാണ് ഐ.എ.എസ് നേടിയെടുത്തതെന്നും ആരോപണമുയർന്നിരുന്നു. ഇതോടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സിവിൽ സർവീസ് പരീക്ഷയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെട്ടത്.

പൂജയെ പോലെ ഭിന്നശേഷി സംവരണത്തിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ചുവെന്നാണ് 2011 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ അഭിഷേക് സിങിനെതിരായ ആരോപണം. സിനിമയിൽ അഭിനയിക്കുന്നതിനായി കഴിഞ്ഞ വർഷം സർവീസിൽ നിന്ന് രാജിവെക്കുകയായിരുന്നു അഭിഷേക്.

തനിക്ക് ലോക്കോമോട്ടോർ വൈകല്യം ഉണ്ടെന്നായിരുന്നു യു.പി.എസ്.സിക്കു മുന്നിൽ അഭിഷേക് സിങ് അവകാശപ്പെട്ടത്. ശാരീരിക വൈകല്യം തെളിയിക്കുന്നതിന്റെ സർട്ടിഫിക്കറ്റുകളും ഹാജരാക്കി. ശരീരത്തിന് ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥയാണിത്. എന്നാൽ താൻ ഡാൻസ്, ജിം വിഡിയോകൾ സാമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് അഭിഷേക് സിങ് വ്യാജ സർട്ടിഫിക്കറ്റുപയോഗിച്ച് നിയമനം നേടിയതാണെന്ന ആരോപണമുയർന്നത്. അഭിഷേകിന്റെ ഡാൻസ് വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. സിവിൽ സർവീസ് തെരഞ്ഞെടുപ്പിൽ വളരെയധികം സുതാര്യത വേണമെന്ന് ഈ വിഡിയോക്ക് താഴെ നിരവധിയാളുകൾ പ്രതികരിക്കുകയുണ്ടായി.

അതേസമയം, തന്നെ എതിർക്കുന്നവർക്ക് സംവരണവിഭാഗത്തിൽ സർവീസിൽ കയറിയ​തിന്റെ പ്രശ്നമാണെന്നായിരുന്നു അഭിഷേകിന്റെ മറുപടി. ''വിവാദങ്ങൾക്ക് ആദ്യമായാണ് ഞാൻ മറുപടി പറയുന്നത്. കാരണം എന്നെ പിന്തുണക്കുന്ന ഒരുപാട് പേർ വിമർശകർക്ക് മറുപടി നൽകണം എന്നാവശ്യപ്പെട്ടിട്ടാണ്. സംവരണത്തിന്റെ ആനുകൂല്യം നേടിയതുമുതൽ അതില്ലാത്തവർ എനിക്കു നേരെ തിരിയുകയാണ്. അവർ എന്റെ ജാതിയെയും തൊഴിലിനെയും ചോദ്യം ചെയ്തു. എനിക്ക് പറയാനുള്ളത് ഇതാണ്. സംവരണം വഴിയല്ല, കഠിനാധ്വാനത്തിലൂടെയാണ് ഞാൻ ഈ നേട്ടങ്ങളൊക്കെ സ്വന്തമാക്കിയത്.​''-എന്നാണ് അഭിഷേക് അന്ന് മറുപടി നൽകിയത്.

Tags:    
News Summary - After Puja Khedkar, ex-IAS Officer Abhishek Singh under fire over disability claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.