ഷിംലക്ക് പിന്നാലെ മാണ്ഡിയിലും പള്ളിക്കെതിരെ പ്രതിഷേധം

മാണ്ഡി/ ഷിംല: ഹിമാചൽപ്രദേശിൽ ഷിംലക്ക് പിന്നാലെ മാണ്ഡിയിലും അനധികൃത പള്ളി നിർമാണം ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. മാണ്ഡി മുനിസിപ്പാലിറ്റിയുടെ നിർദേശത്തെ തുടർന്ന് പള്ളിയുടെ ഒരു ഭാഗം മുസ്‍ലിംകൾ തന്നെ പൊളിച്ചിട്ടും പ്രതിഷേധം തുടർന്നവരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. കൈയേറ്റം 30 ദിവസത്തിനകം ഒഴിയണമെന്ന് മാണ്ഡി മുനിസിപ്പാലിറ്റി പള്ളി കമ്മിറ്റിക്ക് നോട്ടീസ് നൽകിയിരുന്നു.

ഇതേതുടർന്നാണ് വ്യാഴാഴ്ച കൈയേറ്റഭാഗത്ത് നിർമിച്ചതെന്ന് പറഞ്ഞ പള്ളിയുടെ മതിൽ കമ്മിറ്റി തന്നെ പൊളിച്ചത്. എന്നാൽ, പള്ളിയുടെ അനധികൃത നിർമാണം പൊളിക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദുസംഘടനകൾ മാണ്ഡി മാർക്കറ്റിൽ വെള്ളിയാഴ്ച ധർണ നടത്തിയത്. ജയ് ശ്രീറാം വിളികളോടെ റാലിയായാണ് ഇവർ എത്തിയത്. പ്രതിഷേധക്കാർ പിന്നീട് പള്ളിയിലേക്ക് നീങ്ങാൻ ശ്രമിച്ചതോടെ പൊലീസ് ഇവരെ തടയുകയും പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിക്കുകയുമായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്താണ് പള്ളിയുടെ ഒരു ഭാഗമെന്നാണ് മുനിസിപ്പാലിറ്റി നോട്ടീസിൽ പറഞ്ഞത്. സംസ്ഥാനത്ത് സർക്കാർ ഭൂമിയിൽ നിർമിച്ച മുസ്‍ലിംകളുടെ എല്ലാ അനധികൃത നിർമാണങ്ങളും പൊളിക്കണമെന്ന് വി.എച്ച്.പിയും ബജ്റംഗ്ദളും ആവശ്യപ്പെട്ടു.

ഷിംലയിലെ സഞ്ചൗലിയിൽ പള്ളി അനധികൃത നിർമാണമെന്നാരോപിച്ച് ഹിന്ദുസംഘടനകൾ നടത്തിയ ഒരാഴ്ചയായി തുടരുന്ന പ്രതിഷേധം ബുധനാഴ്ച സംഘർഷത്തിൽ കലാശിച്ചിരുന്നു.

Tags:    
News Summary - After Shimla, clashes between cops, locals in Mandi over illegal mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.