വിദ്വേഷ പരാമർശങ്ങൾ; കങ്കണയെ ബഹിഷ്കരിക്കുമെന്ന്​ ഫാഷൻ ഡിസൈനർമാർ, ചിത്രങ്ങളും നീക്കും

വിദ്വേഷ പരാമർശത്തെ തുടർന്ന്​ ട്വിറ്ററിൽ നിന്ന്​ വിലക്കിയതിനുപിന്നാലെ കങ്കണ റണാവത്തിനെ ബഹിഷ്​കരിക്കാൻ തീരുമാനിച്ച്​ ഫാഷൻ ഡിസൈനർമാർ. ഡിസൈനർ റിംസിം ദാദു​ ഇതുസംബന്ധിച്ച ഒരു പോസ്​റ്റ്​ ഇൻസ്​റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്​. ഒന്നിലധികം ഡിസൈനർമാർ ബഹിഷ്​കരണ തീരുമാനവുമായി മുന്നോട്ടുവന്നിട്ടുണ്ട്​. തങ്ങളുടെ സമൂഹമാധ്യമ അകൗണ്ടുകളിൽ നിന്ന്​ കങ്കണയുടെ പഴയകാല ചിത്രങ്ങൾ നീക്കംചെയ്യാനും ഇവർ തീരുമാനിച്ചു​.


'ശരിയായ കാര്യങ്ങൾ ചെയ്യാൻ ഒരിക്കലും വൈകരുത്. കങ്കണയുമായുള്ള മുൻകാല സഹകരണത്തി​െൻറ എല്ലാ പോസ്റ്റുകളും ഞങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകളിൽ നിന്ന് നീക്കംചെയ്യുന്നു. ഒപ്പം കങ്കണയുമായി ഭാവിയിൽ ഒരു ബന്ധത്തിലും ഏർപ്പെടില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു'-ഡിസൈനർ ആനന്ദ്​ ഭൂഷൻ പങ്കുവച്ച ഇൻസ്​റ്റഗ്രാം പോസ്​റ്റിൽ പറയുന്നു.

'ഈ മഹാമാരിയുടെ നടുവിൽ ഇതിനകം ധാരാളം നാശനഷ്ടങ്ങളും കഷ്ടപ്പാടുകളും ഉണ്ടായിട്ടുണ്ട്​. രാഷ്ട്രീയം നോക്കാതെ പരസ്​പരം സഹായിക്കേണ്ട സമയമാണിത്​. സെലിബ്രിറ്റികൾ ഉൾപ്പെടെ ആരെങ്കിലും ഇൗ സമയം അക്രമത്തെ പ്രോത്സാഹിപ്പിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. ആർക്കെങ്കിലും എതിരായ ഏത് രൂപത്തിലുമുള്ള അക്രമം എതിർക്കപ്പെടേണ്ടതാണ്​'-ഡിസൈനർ റിംസിം ദാദു പറഞ്ഞു.


പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമവുമായി ബന്ധപ്പെട്ട് നടി കങ്കണ നടത്തിയ ട്വീറ്റ് വിവാദമായിരുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് ട്വിറ്റർ കങ്കണയുടെ അകൗണ്ട് സസ്​പെൻഡ്​ ചെയ്യുകയും ചെയ്​തിരുന്നു. മമതാ ബാനര്‍ജിയെ രാക്ഷസിയെന്ന് വിളിച്ച ട്വീറ്റില്‍, വംശഹത്യക്ക് നേരിട്ടല്ലാതെ ആഹ്വാനം ചെയ്‌തെന്ന് വ്യാപക വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളെക്കുറിച്ച് ബി.ജെ.പി എം.പി ട്വീറ്റ് ചെയ്​തിരുന്നു. ഈ ട്വീറ്റ് പങ്കുവെച്ചാണ് കങ്കണ വിവാദ പരാമര്‍ശം നടത്തിയത്.

ഇത് ഭയാനകമാണ്. ഗുണ്ടയെ കൊല്ലാന്‍ നമുക്ക് സൂപ്പര്‍ ഗുണ്ടയെ ആവശ്യമുണ്ട്. അവര്‍ ഒരു അഴിച്ചുവിട്ട രാക്ഷസിയാണ്. അവരെ മെരുക്കാന്‍ മോദിജീ, ദയവായി 2000ത്തിന്റെ തുടക്കത്തിലെ താങ്കളുടെ വിശ്വരൂപം കാണിക്കൂ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ബംഗാളില്‍ രാഷ്ട്രപതി ഭരണം എന്ന ഹാഷ്ടാഗും കങ്കണ ഉള്‍പ്പെടുത്തി.

ഇതോടെ ട്വിറ്ററിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്നു. ഗുജറാത്ത് കലപാം പശ്ചിമ ബംഗാളില്‍ ആവര്‍ത്തിക്കാനാണ് കങ്കണ ആഹ്വാനം ചെയ്തതെന്ന് പലരും വിമര്‍ശിച്ചു. കങ്കണയെ വിമര്‍ശിച്ച് ആയിരക്കണക്കിന് ട്വീറ്റുകളാണ് വന്നത്. ഇതോടെയാണ് ട്വിറ്റര്‍ നടപടി സ്വീകരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.