മുംബൈ: വിശ്വഹിന്ദു പരിഷത്തിന്‍റെ ഭീഷണിയെത്തുടർന്ന് ഷോയിൽ നിന്ന് പിന്മാറി സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖി. ഒക്ടോബർ 29, 30, 31 തീയതികളിൽ മുംബൈയിലായിരുന്നു പരിപാടി. 'എന്‍റെ പ്രേക്ഷകരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. ഞാൻ അനുഭവിച്ച സാഹചര്യങ്ങളിലൂടെ എന്‍റെ പ്രേക്ഷകർ കടന്നുപോകാൻ ആഗ്രഹിക്കുന്നില്ല' -ഷോ റദ്ദാക്കുന്ന വിവരം അറിയിച്ച് മുനവർ ഫാറൂഖി പറഞ്ഞു.
മുംബൈയിൽ ഷോ പ്രഖ്യാപിച്ചതിന് പിന്നാലെ മുനവർ ഫാറൂഖിക്ക് വി.എച്ച്.പി പ്രവർത്തകരിൽനിന്ന് ഭീഷണി നേരിട്ടിരുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വി.എച്ച്.പി വക്താവ് ശിരീഷ് നായരുടെ ഭീഷണി.
'നമ്മുടെ മഹത്തായ ഹിന്ദു ധർമത്തെയും ഹിന്ദു പുരോഹിതൻമാരെയും സന്യാസിമാരെയും അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന എല്ലാ സ്വയം പ്രഖ്യാപിത സ്റ്റാൻഡ് അപ് കൊമേഡിയൻമാർക്കും വി.എച്ച്.പി/ബജ്രംഗ്ദൾ ശക്തമായ മുന്നറിയിപ്പ് നൽകുന്നു. നിയമപരമായി അവരെ വലിയ പാഠം പഠിപ്പിക്കും' -നായർ ട്വീറ്റ് ചെയ്തു.
മുനവർ ഫാറൂഖി ഒക്ടോബറിൽ ഗുജറാത്തിൽ നടത്താനിരുന്ന ഷോക്കെതിരെ ബജ്രംഗ്ദൾ പ്രവർത്തകർ മുന്നോട്ടുവന്നിരുന്നു. ഗുജറാത്തിൽ ഫാറൂഖി ഷോ അവതരിപ്പിക്കുന്നതിലൂടെ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുമെന്നായിരുന്നു ബജ്രംഗ്ദൾ നേതാവ് ജ്വാലിത് മെഹ്തയുടെ പ്രതികരണം. ഗുജറാത്തിൽ ഷോയുമായെത്തിയാൽ വ്യാപക പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഗുജറാത്ത് സ്വദേശി കൂടിയാണ് ഫാറൂഖി.
ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അപമാനിച്ചുവെന്ന പേരിൽ മുനവർ ഫാറൂഖിയെ ജനുവരിയിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. മുനവർ ഫാറൂഖിയെ കൂടാതെ മറ്റു നാലുപേരെയും കേസിൽ ഉൾപ്പെടുത്തിയിരുന്നു. മധ്യപ്രദേശിൽ നടന്ന പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അപമാനിച്ചുവെന്നായിരുന്നു പരാതി. എഡ്വിൻ ആന്‍റണി, നലിൻ യാദവ്, പ്രഖാർ വ്യാസ്, പ്രിയം വ്യാസ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ബി.ജെ.പി എം.എൽ.എ മാലിനി ലക്ഷ്മൺ സിങ് ഗൗറിന്‍റെ മകൻ ഏകലവ്യ സിങ് ഗൗറിന്‍റെ പരാതിയിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.