ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സായി ഉയർത്തുന്ന നിയമഭേദഗതി ബിൽ തിടുക്കപ്പെട്ട് പാർലമെൻറിൽ കൊണ്ടുവന്നത് സർക്കാറിെൻറ ദുരൂഹ ലക്ഷ്യത്തിന് പ്രകടമായ ഉദാഹരണമാണെന്ന് പ്രതിപക്ഷം.
ഒരു കൂടിയാലോചനയും കൂടാതെയാണ് ബിൽ പാർലമെൻറിൽ സർക്കാർ എത്തിച്ചതെന്ന് കോൺഗ്രസിെൻറ ലോക്സഭ നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. നിയമകമീഷൻ ശിപാർശകൾക്ക് വിരുദ്ധമാണ് ബില്ലിലെ വ്യവസ്ഥകളെന്ന് കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയി കുറ്റപ്പെടുത്തി. അനാവശ്യവും ഭരണഘടനാ വിരുദ്ധവുമായ നിയമനിർമാണത്തിനാണ് സർക്കാർ തുനിയുന്നതെന്ന് മുസ്ലിംലീഗിലെ ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി എന്നിവർ പറഞ്ഞു. 25ാം ഭരണഘടന അനുഛേദത്തിെൻറ ലംഘനമാണിത്.
വ്യക്തിനിയമങ്ങൾക്കും മൗലികാവകാശങ്ങൾക്കും നേരെയുള്ള കടന്നാക്രമണമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ ചൂണ്ടിക്കാട്ടി. ഈ നിയമവ്യവസ്ഥകൾ എങ്ങനെയാണ് നടപ്പാക്കാൻ പോകുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. സാമൂഹികമായ പരിഷ്കരണങ്ങളും നവോത്ഥാനങ്ങളും ഉണ്ടാക്കുന്നത് നിയമം അടിച്ചേൽപിക്കുന്നതിലൂടെയല്ല മറിച്ച് സമൂഹത്തില് അവബോധം സൃഷ്ടിക്കുന്നതിലൂടെയാണ്. ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന് എൻ.സി.പിയിലെ സുപ്രിയ സുലെ, ഡി.എം.കെയിലെ കനിമൊഴി എന്നിവർ ആവശ്യപ്പെട്ടു. 18ാം വയസ്സിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ അവകാശമുള്ള പെൺകുട്ടിക്ക് സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നതിന് 21 വരെ കാത്തിരിക്കണമെന്ന വിധത്തിലുള്ള നിയമഭേദഗതി സ്ത്രീകളുടെ വിവാഹാവകാശം ലംഘിക്കുന്നതാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു.
പരിശോധിക്കുന്ന സമിതിയിൽ ഒറ്റ വനിതയില്ല
സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള നിയമഭേദഗതി ബിൽ പരിശോധിക്കുന്ന 30 അംഗ പാർലമെൻറ് സ്ഥിരസമിതിയിൽ ഒരൊറ്റ വനിതയില്ല. വനിത ശാക്തീകരണം, സ്ത്രീ-പുരുഷ സമത്വം തുടങ്ങിയവ പ്രഖ്യാപിച്ചാണ് ബിൽ മന്ത്രി സ്മൃതി ഇറാനി ലോക്സഭയിൽ അവതരിപ്പിച്ചത്.
വിദ്യാഭ്യാസം, വനിത-ശിശുക്ഷേമം, യുവജന-കായിക കാര്യങ്ങളുമായി ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റിയാണ് ബിൽ പരിശോധിക്കുക. സമിതിയിൽ കേരളത്തിൽ നിന്ന് കോൺഗ്രസിലെ ടി.എൻ. പ്രതാപൻ അംഗമാണ്. ആർ.എസ്.എസ് സൈദ്ധാന്തികനായി അറിയപ്പെടുന്ന ഡോ. വിനയ് സഹസ്രബുദ്ധെയുടെ നേതൃത്വത്തിലുള്ള സമിതിയിൽ ലോക്സഭയിൽ നിന്ന് 11ഉം രാജ്യസഭയിൽ നിന്ന് ഒമ്പതും പേരാണുള്ളത്. രാഷ്ട്രീയ ലക്ഷ്യത്തോടെ കൊണ്ടുവന്നതെന്ന വിമർശനം നേരിടുന്ന ബിൽ ലോക്സഭയിൽ കീറിയെറിഞ്ഞവരുടെ കൂട്ടത്തിൽ ടി.എൻ. പ്രതാപനും ഉണ്ടായിരുന്നു.
വിവാഹപ്രായം ഉയർത്തൽ വ്യക്തിസ്വാതന്ത്ര്യത്തിലുള്ള ഇടപെടൽ
–മുസ്ലിം വ്യക്തി നിയമ ബോർഡ്
ലഖ്നോ: വിവാഹപ്രായം ഉയർത്താനുള്ള നീക്കത്തിൽനിന്ന് കേന്ദ്രം പിൻമാറണമെന്നും ഇത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണെന്നും അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് പ്രസ്താവനയിൽ പറഞ്ഞു. ഇസ്ലാം ഉൾപ്പെടെ മിക്ക മതങ്ങളും വിവാഹത്തിന് പ്രായം പറയുന്നില്ല. സദാചാര മൂല്യങ്ങളുടെ സംരക്ഷണവുമായി കൂടി ബന്ധമുള്ള കാര്യമായതിനാലാണിത്. മാതാപിതാക്കളാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത്. മകൾക്ക് 21 വയസ്സു തികയും മുമ്പ് വിവാഹത്തിനുള്ള പക്വതയായി എന്ന് രക്ഷകർത്താവിന് തോന്നുകയാണെങ്കിൽ, വിവാഹം തടയുന്നത് ക്രൂരതയാണ്.
ഇത് സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയുമാണ്. സമൂഹത്തിൽ കുറ്റകൃത്യങ്ങൾ വർധിക്കാൻ പുതിയ തീരുമാനം വഴിയൊരുക്കുമെന്നും ബോർഡ് ജനറൽ സെക്രട്ടറി മൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.