ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെ പിന്തുണച്ച്, കാർഗിൽ യുദ്ധ കാലത്ത് ഇന്ത്യയെ നയിച്ച സൈനിക മേധാവി ജനറൽ വി.പി. മലിക്. ബസും ട്രെയിനും കത്തിച്ച് ഗുണ്ടായിസം നടത്തുന്നവരെ സേനക്ക് ആവശ്യമില്ലെന്നും ജനറൽ മലിക് പറഞ്ഞു.
സായുധ സേന സന്നദ്ധ സേനയാണ്. അത് ഒരു ക്ഷേമ സംഘടനയല്ല. രാജ്യത്തിന് വേണ്ടി പോരാടാനും രാജ്യത്തെ പ്രതിരോധിക്കാനുമുള്ള ഏറ്റവും മികച്ച ആളുകളെയാണ് സായുധ സേനക്ക് ആവശ്യം. ഗുണ്ടായിസത്തിൽ ഏർപ്പെടുന്നവരെയോ പ്രതിഷേധത്തിന്റെ പേരിൽ ട്രെയിനും ബസും കത്തിക്കുന്നവരെയോ അല്ല സേനക്ക് വേണ്ടതെന്നും ജനറൽ വി.പി. മലിക് എൻ.ഡി.ടി.വി യോട് പറഞ്ഞു.
റിക്രൂട്ട്മെന്റ് നിർത്തിവെക്കുമ്പോൾ അത് പല ഉദ്യോഗാർഥികളെയും ബാധിക്കുമെന്ന് അദ്ദേഹം സമ്മതിച്ചു. രണ്ടു വർഷം റിക്രൂട്ട്മെന്റ് നടന്നില്ല. ചില ഉദ്യോർഥികൾക്ക് പ്രായം കൂടിപ്പോയിരിക്കും. അവർക്ക് അഗ്നിപഥിലേക്ക് അപേക്ഷിക്കാനാകില്ല. അവരുടെ നിരാശയും വിഷമവും തനിക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.ടി.ഐകളിൽ നിന്നും സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നുമുള്ളവരെയാണ് സൈന്യത്തിലേക്ക് എടുക്കേണ്ടത്. അവർക്ക് ബോണസ് പോയിന്റ് നൽകണം. സൈന്യത്തിന് സാങ്കേതിക ജ്ഞാനമുള്ളവർ ആവശ്യമാണ്. അവർക്ക് നാലുവർഷത്തിനു ശേഷം തുടർച്ച നൽകാവുന്നതുമാണ്. ആദ്യം പദ്ധതി നടപ്പിൽ വരട്ടെ. അപ്പോൾ അതിന്റെ പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹരിച്ച് മുന്നോട്ട് പോകാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.