ന്യൂഡൽഹി: നടത്തിപ്പ് ചുമതല സ്വകാര്യ ഏജൻസിക്കു നൽകിയ രാജ്യത്തെ രണ്ടാമത്തെ ട്രെയിൻ ‘തേജസ്സ്’ ജനുവരി 17ന് ഫ്ലാഗ് ഓഫ് ചെയ്യും. 19 മുതലാണ് അഹ്മദാബാദ്-മുംബൈ പാതയിൽ രണ്ടാം തേജസ്സ് ഒാടിത്തുടങ്ങുക. ഒക്ടോബറിൽ ഓട്ടം തുടങ്ങിയ ഡൽഹി-ലഖ്നോ തേജസ്സ് എക്സ്പ്രസിലേതു പോലെ ലോകോത്തര സൗകര്യങ്ങളാകും അഹ്മദാബാദ്-മുംബൈ തേജസ്സ് എക്സ്പ്രസിലും ഒരുക്കുക.
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷെൻറ (ഐ.ആർ.സി.ടി.സി) മേൽനോട്ടത്തിലാകും സർവിസ് നടത്തുക.10 ചെയർകാർ കോച്ചുകളും രണ്ട് എക്സിക്യൂട്ടിവ് കാർ കോച്ചുകളും ഉണ്ടാകും. യാത്രക്കാരെ പരിചരിക്കാൻ വിമാനത്തിലെപോലെ ട്രെയിൻ ഹോസ്റ്റസുമാർ ഉണ്ടാവും. സീറ്റിനുമുന്നിൽ ഘടിപ്പിച്ച സ്ക്രീനിൽ സിനിമയും മറ്റും കാണാം. തിരക്കിനനുസരിച്ച് നിരക്കുവർധിക്കുന്ന ഡൈനാമിക് പ്രൈസിങ്ങാണ് നടപ്പാക്കുക. സൗജന്യയാത്രയോ നിരക്കിളവോ അനുവദിക്കില്ല.
ആറര മണിക്കൂർകൊണ്ട് അഹ്മദാബാദിൽനിന്ന് മുംബൈയിലെത്തും. രാവിലെ 6.40ന് അഹ്മദാബാദ് ജങ്ഷനിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.10ന് മുംബൈ സെൻട്രൽ സ്റ്റേഷനിൽ എത്തും. അന്ന് 3.40ന് മടങ്ങി രാത്രി 9.55ന് അഹ്മദാബാദിലെത്തും. വഡോദരയിലും സൂറത്തിലുമാണ് സ്റ്റോപ്പുണ്ടാവുക. വ്യാഴാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസം തേജസ്സ് സർവിസ് നടത്തും. രാജ്യത്ത് 150ഓളം റൂട്ടുകളിൽ സ്വകാര്യതീവണ്ടികൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചുകഴിഞ്ഞു. റൂട്ടുകൾ തീരുമാനിക്കാൻ വിവിധ ഡിവിഷനുകൾക്ക് റെയിൽവേ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.