അഹ്മദാബാദ്: ആം ആദ്മി പാർട്ടിക്ക് പുറമെ അസദുദ്ദീൻ ഉവൈസിയുടെ അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമൂൻ കോൺഗ്രസിന്റെ വോട്ടുബാങ്കിൽ ചോർച്ചയുണ്ടാക്കുന്ന ഘട്ടമാണിത്. ഗോധ്രയിലും അഹ്മദാബാദിലും കോൺഗ്രസിന്റെ വോട്ടുകൾ ചോർത്താൻ മജ്ലിസിനായാൽ നാല് മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പിക്ക് അനായാസം ജയിച്ചുകയറാനാകും.
അഹ്മദാബാദിലെ ജമാൽപുർ നിയമസഭ മണ്ഡലത്തിൽ മുൻ കോൺഗ്രസ് എം.എൽ.എകൂടിയായ സാബിർ കാബ്ലിവാല, ബി.ജെ.പി സ്ഥാനാർഥി ഭൂഷൺ ഭട്ടുമായുള്ള കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എ ഇംറാൻ ഖേഡാവാലയുടെ മത്സരം കടുപ്പമുള്ളതാക്കി. ഇതുകൂടായെ ആം ആദ്മി പാർട്ടിയും ഹാറൂൺ നാഗോരിയെ നിർത്തിയതോടെ 65 ശതമാനവും മുസ്ലിം വോട്ടർമാരുള്ള മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കുമ്പോൾ ഹിന്ദുവോട്ടുകൾ ഏക ബി.ജെ.പി സ്ഥാനാർഥിയിൽ കേന്ദ്രീകരിക്കും. 2012ൽ കോൺഗ്രസ് വിമതനായി മത്സരിച്ച സാബിർ 30,500 വോട്ടു പിടിച്ച് 41,700 വോട്ട് നേടിയ കോൺഗ്രസ് സ്ഥാനാർഥിയുടെ തോൽവി ഉറപ്പാക്കിയപ്പോൾ 48,000 വോട്ട് നേടിയ ബി.ജെ.പി സ്ഥാനാർഥി ജയിച്ചുകയറുകയായിരുന്നു.
അഹ്മദാബാദിലെ ദരിയാപൂരിൽ എ.ഐ.എം.ഐ.എം സ്ഥാനാർഥി ഹസൻ ഖാനും ആപ്പിന്റെ താജ് ഖുറൈശിക്കും ജയിക്കാനാവില്ലെങ്കിലും കോൺഗ്രസിന്റെ ഗിയാസുദ്ദീൻ ശൈഖിന്റെ തോൽവിക്ക് കാരണമായേക്കാം. മുസ്ലിം വോട്ടുകൾ മൂന്നായി വിഭജിക്കപ്പെട്ടാൽ ബി.ജെ.പിയുടെ കൗഷിക് ജെയിന് അനായാസം ജയിച്ചുകയറാം. കേവലം 5000 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് കോൺഗ്രസിന് ഈ മണ്ഡലത്തിലുള്ളത്.
2021ലെ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ എല്ലാവരെയും അമ്പരപ്പിച്ച മുന്നേറ്റമുണ്ടാക്കിയ ഉവൈസിയുടെ പാർട്ടി 70,000 മുസ്ലിം വോട്ടർമാരുള്ള ഗോധ്ര നിയമസഭ മണ്ഡലത്തിൽ മുഫ്തി ഹസൻ കച്ചാബയെ നിർത്തിയത് ബി.ജെ.പിയുടെ പ്രതീക്ഷയേറ്റുന്നതാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി കഷ്ടിച്ച് രക്ഷപ്പെട്ട മണ്ഡലമാണിത്. ബി.ജെ.പിയുടെ സി.കെ. റാവുൽജിയും കോൺഗ്രസിന്റെ സ്മിതാബെൻ ദുഷ്യന്ത് സിങ് ചൗഹാനും തമ്മിലാണ് പ്രധാന മത്സരം. ആം ആദ്മി പാർട്ടിയുടെ രാജേഷ് പട്ടേൽ രാജുകൂടി പ്രചാരണം സജീവമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.