ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ എൻ.ഡി.എക്ക് 25 സീറ്റുകൾ നേടണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിർദേശം വന്നതിനു തൊട്ടു പിറകെ, തമിഴ്നാട്ടിൽ ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും വഴിപിരിയലിന്റെ വക്കിൽ. എൻ.ഡി.എയുടെ തമിഴ്നാട്ടിലെ ഏക സഖ്യകക്ഷിയാണ് എ.ഐ.എ.ഡി.എം.കെ. തിങ്കളാഴ്ച ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ മുൻ മുഖ്യമന്ത്രി ജെ. ജയലളിതയെ കുറിച്ച് നടത്തിയ പരാമർശമാണ് ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്.
ഒരു അഭിമുഖത്തിലാണ് അണ്ണാമലൈ ജയലളിതയെ വിമർശിച്ചത്. തമിഴ്നാട്ടിലെ മുഖ്യമന്ത്രിമാരെ കോടതി ശിക്ഷിച്ചിട്ടുണ്ടെന്നും അങ്ങനെ തമിഴ്നാട് ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനമായെന്നുമായിരുന്നു അണ്ണാമലൈയുടെ പരാമർശം. ജയലളിതയുടെ പേര് പരാമർശിച്ചിരുന്നില്ലെങ്കിലും ഉദ്ദേശ്യം ജയലളിത തന്നെയായിരുന്നു.
അണ്ണാമലൈയുടെ പരാമർശത്തിനെതിരെ ശക്തമായ മറുപടിയുമായാണ് എ.ഐ.എ.ഡി.എം.കെ രംഗത്തെത്തിയത്. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയോടും അമിത്ഷായോടും അണ്ണാമലൈയെ നിയന്ത്രിക്കണമെന്ന് എ.ഐ.എ.ഡി.എം.കെ ഓർഗനൈസിങ് സെക്രട്ടറി ഡി. ജയകുമാർ ആവശ്യപ്പെട്ടു. അണ്ണാമലൈ ആത്മനിയന്ത്രണം പാലിച്ചില്ലെങ്കിൽ ബി.ജെ.പിയുമായുള്ള ബന്ധം തുടരുന്നത് സംബന്ധിച്ച് ഞങ്ങളുടെ പാർട്ടി പുനർ വിചിന്തനം നടത്തുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അണ്ണാമലൈ ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തിന് യോഗ്യനല്ല. അദ്ദേഹം ചരിത്രമറിയാത്ത പുത്തൻ രാഷ്ട്രീയക്കാരനാണ്. അണ്ണാമലൈയുടെ കുറച്ച് വർഷങ്ങളായുള്ള പ്രവർത്തനം ശ്രദ്ധിച്ചാൽ അദ്ദേഹത്തിന് എ.ഐ.എ.ഡി.എം.കെ -ബി.ജെ.പി ബന്ധം തകർക്കണമെന്ന ആഗ്രഹമുണ്ടെന്ന് തോന്നും. നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്ന് സംശയം വരും -ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ജയകുമാർ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കാരു നാഗരാജൻ മറുപടി പറഞ്ഞു.
അണ്ണാമലൈയുടെ പരാമർശം എ.ഐ.എ.ഡി.എം.കെയെ മാത്രമാണ് ബാധിക്കുക. സഖ്യകക്ഷി എന്നതിനർഥം എല്ലാതരത്തിലും സഖ്യം എന്നാണ്. സഖ്യകക്ഷികളിൽ വല്യേട്ടൻ മനോഭാവത്തിന് സ്ഥാനമില്ല. ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ എ.ഐ.എ.ഡി.എം.കെ സഖ്യ കക്ഷികൾ 30 സീറ്റെങ്കിലും നേടും. ഡി.എം.കെ സർക്കാറിനെതിരായ ഭരണ വിരുദ്ധ വികാരം അടുത്ത എട്ടു മാസത്തിൽ വർധിക്കും. എല്ലാവരും തങ്ങൾക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ അണ്ണാമലൈയുടെ പ്രവർത്തനങ്ങൾ സഖ്യകക്ഷി താത്പര്യങ്ങളെ ഹനിക്കുന്നതാണ്. എ.ഐ.എ.ഡി.എം.കെ നയിക്കുന്ന സഖ്യത്തിലിരിക്കുമ്പോൾ മാത്രമേ ബി.ജെ.പിക്ക് ഇവിടെ പ്രസക്തിയുള്ളൂ. എ.ഐ.എ.ഡി.എം.കെക്കെതിരായ വിമർശനം തുടരുകയാണെങ്കിൽ ബി.ജെ.പിയുമായുള്ള ബന്ധത്തെ കുറിച്ച് പുനർ വിചിന്തനം ചെയ്യാൻ ഞങ്ങൾ നിർബന്ധിതരാവും -ജയകുമാർ വ്യക്തമാക്കി.
ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നും അവർ സഖ്യം വിടാനുള്ള സാഹചര്യം ഉണ്ടാക്കില്ലെന്നും ജയകുമാർ വിശ്വാസം പ്രകടിപ്പിച്ചു. ഇത്തരം പ്രസ്താവനകൾകൊണ്ട് അണ്ണാമലൈ സ്വയം മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുകയാണ്. നേരത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറുമാരായിരുന്ന പൊൻ രാധാകൃഷ്ണൻ, തമിളിസൈ സൗന്ദരരാജൻ, എൽ. മുരുഗൻ എന്നിവരെല്ലാം സഖ്യ കക്ഷി ബന്ധത്തെ ബഹുമാനിച്ചിരുന്നു. എന്നാൽ അണ്ണാമലൈ അത് ലംഘിക്കുകയാണ്. അണ്ണാമലൈ ഇത്തരത്തിൽ തുടരുകയാണെങ്കിൽ ശക്തമായ മറുപടി നൽകും. ഇത്തരത്തിൽ അഴിമതിയെ കുറിച്ച് പറയുന്ന അണ്ണാമലൈ എന്തുകൊണ്ടാണ് കർണാടകയിലെ ‘40 ശതമാനം സർക്കാറി’നെ കുറിച്ച് ഒന്നും മിണ്ടാതിരുന്നത്. 20 വർഷങ്ങൾക്ക് ശേഷമാണ് ബി.ജെ.പിക്ക് തമിഴ്നാട്ടിൽ നിന്ന് നാല് എം.എൽ.എമാരെ കിട്ടിയിരിക്കുന്നത്. അത് എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യം ഒന്നുകൊണ്ട് മാത്രമാണ് -ജയകുമാർ വ്യക്തമാക്കി.
പുറത്താക്കപ്പെട്ട എ.ഐ.എ.ഡി.എം.കെ നേതാവ് ഒ. പനീർശെൽവവും അണ്ണാമലൈയുടെ പരാമർശത്തെ അപലപിച്ചു. എ.ഐ.എ.ഡി.എം.കെക്കും അമ്മക്കും എതിരായ അണ്ണാമലൈയുടെ പരാമർശം അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയില്ലായ്മയാണ് കാണിക്കുന്നത്. കഴുതക്കെന്ത് കർപ്പൂരഗന്ധം എന്ന തമിഴ് പഴഞ്ചൊല്ലാണ് ഇത് കാണുമ്പോൾ ഒാർമവരുന്നതെന്നും പനീർശെൽവം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.