ന്യൂഡൽഹി: കർഷക സമരത്തിൽ നിന്ന് പിൻമാറില്ലെന്നും 60 ദിവസമായി നടക്കുന്ന സമരം കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുന്നത് വരെ തുടരുമെന്നും ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി (എ.ഐ.കെ.എസ്.സി.സി). കർഷക പ്രക്ഷോഭത്തിനുള്ള പിന്തുണ പിൻവലിക്കുന്നുവെന്ന് സംഘടനയുടെ മുൻ കൺവീനർ വി.എം സിങ് ഒരു വിഭാഗം മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് എ.ഐ.കെ.എസ്.സി.സി ദേശീയ സെക്രട്ടറി അവിക് സാഹയുടെ വിശദീകരണം.
വി.എം. സിങ്ങിന് അത്തരം പ്രസ്താവന പുറപ്പെടുവിക്കാൻ അധികാരമില്ലെന്നും 40 സംഘടനകൾ ചേർന്ന് നടത്തുന്ന സമരം തുടരുമെന്നും സാഹ കൂട്ടിച്ചേർത്തു. വി.എം. സിങ്ങിനെ ദേശീയ കൺവീനർ സ്ഥാനത്ത് നിന്ന് ഡിസംബറിൽ പുറത്താക്കിയിരുന്നു. സമരസമിതിയുടെ അനുമതിയില്ലാതെ സർക്കാരുമായി ഒത്തുതീർപ്പ് ചർച്ച നടത്താൻ മുന്നിട്ടിറങ്ങിയതിനായിരുന്നു നടപടി.
റിപബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടർ പരേഡിനിടെയുണ്ടായ അക്രമത്തിന്‍റെ പശ്ചാത്തലത്തിൽ തങ്ങൾ പിൻമാറുന്നുവെന്നാണ് രാഷ്ട്രീയ കിസാൻ മസ്ദൂർ സംഗതൻ (ആർ.കെ.എം.എസ്) നേതാവായ വി.എം സിങ് ബുധനാഴ്ച പ്രഖ്യാപിച്ചത്. സമര രീതിയുമായി ഒത്തുപോകാൻ കഴിയാത്തതിനാൽ പിന്മാറുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
"ആളുകളെ രക്തസാക്ഷികളാക്കാനോ മർദിക്കാനോ അല്ല ഞങ്ങൾ ഇവിടെ വന്നത്. മറ്റുലക്ഷ്യങ്ങളുമായി സമരം നടത്തുന്നവരോടൊപ്പം ഞങ്ങൾക്ക് പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. അവർക്ക് നന്മ നേരുന്നു. രാഷ്ട്രീയ കിസാൻ മസ്ദൂർ സംഗതൻ ഈ പ്രതിഷേധത്തിൽ നിന്ന് പിന്മാറുകയാണ്. രാകേഷ് ടികായത് നയിക്കുന്ന പ്രതിഷേധവുമായി എനിക്ക് യാതൊരു ബന്ധവുമില്ല'' -സിങ് മാധ്യമങ്ങളോട് പറഞ്ഞു.
ഇതിന് പിറകെയാണ് സമരത്തിൽനിന്ന് സംഘടന പിന്മാറിയിട്ടില്ലെന്ന് എ.ഐ.കെ.എസ്.സി ദേശീയ സെക്രട്ടറി അവിക് സാഹ വ്യക്തമാക്കിയത്. സാഹ തള്ളിപ്പറഞ്ഞതോടെ, എ.ഐ.കെ.എസ്.സി.സി പിന്മാറുന്നുവെന്നല്ല രാഷ്ട്രീയ കിസാൻ മസ്ദൂർ സംഗതൻ പിൻമാറുന്നുവെന്നാണ് താൻ പറഞ്ഞതെന്ന വിശദീകരണവുമായി വി.എം സിങ് രംഗത്തെത്തി.
കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നവംബർ 26നാണ് കർഷകർ സമരം തുടങ്ങിയത്. രണ്ടുമാസമായിട്ടും ഒത്തുതീർപ്പിലെത്താൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. കർഷക ക്ഷേമത്തിനെന്ന് പറഞ്ഞ് കേന്ദ്ര സർക്കാർ െകാണ്ടുവന്ന നിയമങ്ങൾ കർഷകരുടെ നിലനിൽപിന് തന്നെ ഭീഷണിയാണെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്. കർഷകർക്ക് വേണ്ടാത്ത നിയമം പിന്നെ ആർക്ക് വേണ്ടിയാണ് നടപ്പാക്കുന്നതെന്ന ചോദ്യത്തിനും സർക്കാറിന് മറുപടിയില്ല.
റിപബ്ലിക് ദിനത്തിൽ നടന്ന സംഘർഷത്തെ കർഷക സംഘടനകളുടെ ഏകോപനവേദിയായ സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) അപലപിച്ചിരുന്നു. സമരത്തിൽ നുഴഞ്ഞുകയറിയവരാണ് അക്രമത്തിനുപിന്നിലെന്നും അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.