ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെയെ പിന്തുണക്കും. ചൊവ്വാഴ്ച അസദുദ്ദീൻ ഉവൈസി തന്നെയാണ് ഹൈദരാബാദിൽ ഇക്കാര്യം പ്രഖ്യാപിച്ചത്.
ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയുടെയും കോൺഗ്രസ് നയിക്കുന്ന ഇൻഡ്യ മുന്നണിയുടെയും ഭാഗമല്ലാത്ത എ.ഐ.എം.ഐ.എമ്മിന് തെലങ്കാനയിലാണ് കാര്യമായ സ്വാധീനമുള്ളത്. എന്നാൽ, യു.പി, ബീഹാർ ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഉവൈസിയുടെ പാർട്ടി മത്സരിക്കാനിറങ്ങുന്നുണ്ട്. മതേതര വോട്ടുകൾ ഭിന്നിപ്പിക്കുകയും അതുവഴി ബി.ജെ.പിയെ പരോക്ഷമായി സഹായിക്കുകയും ചെയ്യുന്ന എ.ഐ.എം.ഐ.എം ബി.ജെ.പിയുടെ ‘ബി’ ടീമാണെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്.
തമിഴ്നാട്ടിൽ ഉവൈസിയുടെ പാർട്ടിക്ക് കാര്യമായ ജനപിന്തുണയില്ല. എന്നാൽ, എ.ഐ.എം.ഐ.എം തമിഴ്നാട് പ്രസിഡന്റ് ടി.എസ്. വകീൽ അഹ്മദും മറ്റു നേതാക്കന്മാരും എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ. പളനിസ്വാമിയുമായി ചർച്ച നടത്തിയതായി ഉവൈസി പറഞ്ഞു. ബി.ജെ.പിയുമായി ഭാവിയിൽ ഒരിക്കലും കൂട്ടുകൂടില്ലെന്ന് തമിഴ്നാട്ടിലെ തന്റെ പാർട്ടി നേതാക്കൾക്ക് എ.ഐ.എ.ഡി.എം.കെ നേതൃത്വം ഉറപ്പുനൽകിയതായും ഉവൈസി പറഞ്ഞു. ‘സി.ഐ.എ, എൻ.പി.ആർ, എൻ.ആർ.സി എന്നിവയെ എ.ഐ.എ.ഡി.എം.കെ ഒരിക്കലും പിന്തുണക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ആ ഉറപ്പുകൾ കൂടി കണക്കിലെടുത്താണ് തമിഴ്നാട്ടിൽ അവരെ പിന്തുണക്കാൻ തീരുമാനിച്ചത്‘ -വിഡിയോ സന്ദേശത്തിൽ ഉവൈസി പറഞ്ഞു.
തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ മത്സരിക്കുന്ന മണ്ഡലങ്ങളിൽ അവരെ പിന്തുണക്കണമെന്ന് ഉവൈസി സംസ്ഥാനത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെത്തി അവിടുത്തെ ജനങ്ങളേയും എ.ഐ.എ.ഡി.എം.കെ നേതൃത്വത്തെയും കാണണമെന്ന് ആഗ്രഹമുണ്ടങ്കിലും മറ്റു സംസ്ഥാനങ്ങളിൽ പാർട്ടി സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണത്തിരക്കിലായതിനാൽ അതിനു കഴിയില്ലെന്നും എ.ഐ.എം.ഐ.എം അധ്യക്ഷൻ പറഞ്ഞു.
ഏപ്രിൽ 19ന് തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 39 സീറ്റിൽ 32ലും എ.ഐ.എ.ഡി.എം.കെ മത്സരിക്കുന്നുണ്ട്. അഞ്ചു സീറ്റിൽ മുന്നണിയിലെ ഘടകകക്ഷിയായ ഡി.എം.ഡി.കെ കളത്തിലിറങ്ങുമ്പോൾ ഓരോ സീറ്റിൽ പുതിയ തമിഴകം, എസ്.ഡി.പി.ഐ പാർട്ടികളാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.