മുംബൈ: മഹാരാഷ്ട്രയിലെ എം.വി.എ (മഹാ വികാസ് അകാലി) സഖ്യകക്ഷിയാകുന്നതിന് അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എംനെ(ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ) സ്വാഗതം ചെയ്യില്ലെന്ന് ശിവസേന. അത്തരമൊരു സഖ്യത്തെ കുറിച്ച് ചിന്തിക്കുന്നത് പോലും രോഗത്തിന് തുല്യമാണെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു.
ബി.ജെ.പിയുമായി രഹസ്യ സഖ്യത്തിലേർപ്പെട്ടിട്ടുള്ള പാർട്ടിയെന്ന നിലയിൽ എ.ഐ.എം.ഐ.എമ്മിൽ നിന്നും ശിവസേന അകലം പാലിക്കുകയാണ് ചെയ്യുന്നതെന്ന് റാവത്ത് പറഞ്ഞു. ഇവർ തമ്മിലുള്ള രഹസ്യ സഖ്യം യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ തന്നെ വ്യക്തമായതാണെന്നും റാവത്ത് കൂട്ടിച്ചേർത്തു.
എ.ഐ.എം.ഐ.എമ്മ്ന്‍റെ നേതാവും എം.പിയുമായ ഇംതിയാസ് ജലീലുമായി സഞ്ജയ് റാവത്ത് ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സഖ്യ രൂപീകരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളുയർന്നിരുന്നു. എന്നാൽ മഹാരാഷ്ട്രയിലേത് ത്രികക്ഷി സർക്കാരാണെന്നും (ശിവസേന, കോൺഗ്രസ്, എൻ.സി.പി) നാലാമതൊരു കക്ഷി വരില്ലെന്നും റാവത്ത് പറഞ്ഞു. ഇംതിയാസ് ജലീലുമായുള്ള കൂടികാഴ്ചക്ക് അർഥം ഞങ്ങൾ തമ്മിൽ ഒരു സഖ്യമുണ്ടെന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലീം വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയുടെ വിജയത്തിന് കൂട്ടാളിയായെന്ന ആരോപണം ഏറെ നാളായി എ.ഐ.എം.ഐ.എമ്മിനെതിരെ തുടരുകയാണെന്നും ഒരു ദിവസം സത്യാവസ്ഥ എല്ലാവർക്കും ബോധ്യമാകുമെന്നും ഇംതിയാസ് ജലീൽ പ്രതികരിച്ചു. എൻ.സി.പി നേതാവുമായി നടത്തിയ കൂടികാഴ്ചയിൽ ബി.ജെ.പിക്കെതിരായി കോൺഗ്രസുമായും എൻ.സി.പിയുമായും ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാൽ ശിവസേനക്ക് അത് അംഗീകരിക്കാൻ സാധിക്കില്ലെന്നറിയാമെന്നും ഇംതിയാസ് ജലീൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.