മുംബൈ: മഹാരാഷ്ട്രയിൽ എൻ.സി.പിയുമായും കോൺഗ്രസുമായും സഖ്യത്തിന് തയാറാണെന്ന് ആൾ ഇന്ത്യ മജിലിസേ ഇത്തിഹാദുൽ മുസ്‍ലിമീൻ(എ.ഐ.എം.ഐ.എം). പാർട്ടി എം.പി ഇംതിയാസ് ജലീലാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടി ബി.ജെ.പിയുടെ ബി ടീമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.സി.പി നേതാവ് രാജേഷ് തോപെ തന്റെ വസതി സന്ദർശിച്ചപ്പോൾ ഇക്കാര്യം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, തന്റെ വാഗ്ദാനത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. മതേതര പാർട്ടികളായ കോൺഗ്രസിനും എൻ.സി.പിക്കും മുസ്‍ലിംകളുടെ വോട്ട് കൂടി വേണം. അവരുമായി കൈകോർക്കാൻ ഞങ്ങൾ തയാറാണ്. രാജ്യത്തിന് വലിയ പ്രത്യാഘാതം ഏൽപ്പിച്ച ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനായി എന്തു വിട്ടുവീഴ്ചക്കും തയാറാണെന്നും ജലീൽ കൂട്ടിച്ചേർത്തു.
യു.പിയിൽ ബി.എസ്.പിയുമായും എസ്.പിയുമായും സഖ്യത്തിന് ശ്രമിച്ചതാണ്. എന്നാൽ, അവർക്ക് മുസ്‍ലിംകളുടെ വോട്ട് മാത്രം മതിയായിരുന്നു. എ.ഐ.എം.ഐ.എമ്മിനെ അവർക്ക് ആവശ്യമില്ലായിരുന്നു. ബി.ജെ.പിയുടെ ജയത്തിൽ നിങ്ങൾ ഞങ്ങളെ കുറ്റപ്പെടുത്തുന്നു. അതിനാൽ മഹാരാഷ്ട്രയിൽ ബി.ജെ.പിക്കെതിരെ ഒന്നിച്ച് പോരാടാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണെന്ന് എ.ഐ.എം.ഐ.എം എം.പി പറഞ്ഞു. അതേസമയം, എ.ഐ.എം.ഐ.എമ്മിന്റെ വാഗ്ദാനത്തെ കുറിച്ച് എൻ.സി.പിയോ കോൺഗ്രസോ മഹാരാഷ്ട്ര വികാസ് അഘാഡിയിലെ പാർട്ടിയായ ശിവസേനയോ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.