ന്യൂഡൽഹി: അടിയന്തര ദൗത്യത്തിന് ഒരുങ്ങണമെന്ന് ആവശ്യപ്പെട്ട് കീഴുദ്യോഗസ്ഥർക്ക് വ്യോമസേന മേധാവി എഴുതിയ കത്ത് പുറത്ത്. സ്ഥാനമേറ്റെടുത്ത് മൂന്നു മാസത്തിനുശേഷം മാർച്ച് 30ന് 12,000ത്തോളം വരുന്ന കീഴുദ്യോഗസ്ഥർക്ക് എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ വ്യക്തിപരമായി എഴുതിയ കത്ത് സേനയിലെ പരിമിതികളിലേക്കും പ്രശ്നങ്ങളിലേക്കും വിരൽചൂണ്ടുന്നതാണ്.
‘‘ഇപ്പോഴത്തെ സാഹചര്യത്തിൽ നാം നിരന്തര ഭീഷണിയാണ് നേരിടുന്നത്. അതുകൊണ്ട് നാം നിലവിലെ സംവിധാനങ്ങളുമായി അടിയന്തര ദൗത്യത്തിന് ഒരുങ്ങിയിരിക്കണം. പരിശീലനം അതിനായി കേന്ദ്രീകരിക്കണം.’’ ജമ്മു-കശ്മീരിൽ സേനാക്യാമ്പുകൾക്കുനേരെ നടന്ന ഭീകരാക്രമണങ്ങളുടെയും ജനകീയപ്രക്ഷോഭത്തിെൻറയും പശ്ചാത്തലത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയതെന്ന് കരുതുന്നു. അതേസമയം, നിലവിലെ സംവിധാനങ്ങൾ എന്നതുകൊണ്ട് വ്യോമസേനയുടെ പരിമിതിയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
18 യുദ്ധവിമാനങ്ങൾ അടങ്ങുന്ന 42 യൂനിറ്റുകൾക്ക് വ്യോമസേനക്ക് അനുവാദമുണ്ടെങ്കിലും നിലവിൽ 33 യൂനിറ്റുകളേയുള്ളൂ. ഫ്രാൻസുമായുള്ള കരാറിെൻറ അടിസ്ഥാനത്തിൽ 36 റാഫേൽ വിമാനങ്ങളും, തദ്ദേശീയമായി നിർമിച്ച തേജസ് വിമാനങ്ങളും ലഭിച്ചാലും പരിമിതി മറികടക്കാനാവില്ല. സമീപകാലത്ത് വ്യോമസേനയുടെ വൈദഗ്ധ്യമില്ലായ്മ പരസ്യമാക്കിയ സന്ദർഭങ്ങളുണ്ടായതായും കത്ത് ചൂണ്ടിക്കാട്ടുന്നു. സേനയിലെ സ്വജനപക്ഷപാതം, ലൈംഗികാതിക്രമം തുടങ്ങിയ പ്രശ്നങ്ങളും ധനോവ ഉദ്ധരിക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും സ്ഥാനക്കയറ്റത്തിലും ഇത്തരം സ്വജനപക്ഷപാതമുണ്ടായതായും ഇത് പൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.
വ്യോമസേനാംഗങ്ങളുടെ ഭാര്യമാരുടെ വെൽഫെയർ അസോസിയേഷൻ, ലേഡീസ് ക്ലബ് എന്നിവയുടെ പ്രവർത്തനങ്ങൾ നല്ലതാണെങ്കിലും അവയുടെ പ്രകടനമല്ല ഒരു വ്യോമസേനസംഘത്തിെൻറ വിലയിരുത്തലിന് മാനദണ്ഡമാവുകയെന്നും ധനോവ ഉദ്യോഗസ്ഥരെ ഉണർത്തുന്നു. കത്ത് ആഭ്യന്തരമായി നടന്ന ഇടപാടാണെന്നും ഇക്കാര്യത്തിൽ പ്രതികരണത്തിനില്ലെന്നും വ്യോമസേന വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
സേന മേധാവി കീഴുദ്യോഗസ്ഥർക്ക് കത്തെഴുതുന്നത് അസാധാരണമാണ്. ജനറൽ കെ.എം. കരിയപ്പയും (1950) ജനറൽ കെ. സുന്ദർജിയുമാണ് (1986) ഇതിനുമുമ്പ് കീഴുദ്യോഗസ്ഥർക്ക് നേരിട്ട് കത്തെഴുതിയ ചീഫ് മാർഷൽമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.