മുംബൈ: ബി.ജെ.പി സഖ്യം ജയിച്ച മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ നിയമനടപടിക്ക് ഒരുങ്ങി കോൺഗ്രസ് (എം.വി.എ) സഖ്യ കക്ഷികൾ. ഉദ്ധവ് പക്ഷ ശിവസേനയും ശരദ് പവാർ പക്ഷ എൻ.സി.പിയും വി.വി പാറ്റ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാൻ തീരുമാനിച്ചു. വ്യാഴാഴ്ചക്കകം കമീഷന് അപേക്ഷ നൽകാൻ ശരദ് പവാർ പാർട്ടി സ്ഥാനാർഥികൾക്ക് നിർദേശം നൽകി.
ഒരോ മണ്ഡലത്തിലുമുണ്ടായ തെരഞ്ഞെടുപ്പ് നടപടികളിലെ പ്രശ്നങ്ങൾക്കും വോട്ടുയന്ത്രത്തിലെ ക്രമക്കേടിനും തെളിവുകൾ ശേഖരിക്കും. തുടർന്നുള്ള നിയമനടപടികൾക്കായി നിയമ വിദഗ്ധരുടെ സംഘത്തിന് രൂപം നൽകാനും തീരുമാനിച്ചു.
അതേസമയം, ബി.ജെ.പി സഖ്യത്തിന്റെ കൂറ്റൻ ജയത്തെ ‘ബമ്പർ ഭാഗ്യക്കുറിയെന്ന്’ പരിഹസിച്ച് ഉദ്ധവ് പക്ഷ ശിവസേനാ മുഖപത്രം ‘സാമ്ന’ മുഖപ്രസംഗമെഴുതി. ‘വോട്ട്യന്ത്രത്തിനു മീതെ സംശയത്തിന്റെ കരിമേഘങ്ങൾ നിഴലിട്ടതായും’ ലേഖനം പറയുന്നു. വോട്ടുയന്ത്രമുണ്ടെങ്കിൽ എന്തും സാധിക്കുമെന്ന അർഥത്തിലുള്ള ‘ ഇ വി എം ഹേ തോ മുംമ്കിൻ ഹേ’ എന്ന പരിഹാസ പ്രയോഗവുമുണ്ട്. 288 ൽ 230 ഉം എങ്ങനെ മഹായുതിക്ക് കിട്ടിയെന്ന അതിശയം വോട്ടുയന്ത്രത്തിലാണ് ചെന്നുനിൽക്കുന്നതെന്നും ഗുജറാത്തും രാജസ്ഥാനുമായുള്ള വോട്ടുയന്ത്രങ്ങളുടെ ബന്ധവും ബാറ്ററി ചാർജിങ്ങുമെല്ലാം ദുരൂഹതബാക്കിയാക്കുന്നതായും മുഖപ്രസംഗം ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.