ചെന്നൈ: തിരുച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പൊങ്ങുന്നതിനിടെ മതിലിലിടിച്ച് അടിഭാഗം പൊളിഞ്ഞ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 136 യാത്രക്കാരുമായി നാലര മണിക്കൂർ പറന്നു. വിമാനത്തിെൻറ പരിക്ക് വകവെക്കാതെ പൈലറ്റുമാർ ദുബൈ യാത്ര തുടർന്നെങ്കിലും ദുബൈ അധികൃതർ ലാൻറിങ് അനുമതി നിഷേധിച്ചതിനാൽ വിമാനം മുംബൈയിൽ ഇറക്കേണ്ടി വന്നു. സംഭവത്തെ തുടർന്ന് പൈലറ്റ് ക്യാപ്റ്റൻ ഡി.ഗണേഷ്ബാബു, സഹ പൈലറ്റ് ക്യാപ്റ്റൻ അനുരാഗ് എന്നിവരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു.
വിമാനം അദ്ഭുതകരമായാണ് അപകടമില്ലാതെ രക്ഷപ്പെട്ടത്. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച പുലർച്ച 1.19നാണ് സംഭവം. തിരുച്ചിയിൽനിന്ന് ദുബൈയിലേക്ക് പോവുകയായിരുന്ന ബോയിങ് ബി 737- 800 വിമാനത്തിെൻറ പിൻചക്രങ്ങളാണ് മതിലിലിടിച്ചത്. റൺവേയിൽനിന്ന് മണിക്കൂറിൽ 250- 290 കി.മീറ്റർ വേഗത്തിൽ പറന്നുപൊങ്ങുന്നതിനിടെയാണ് സംഭവം. തിരുച്ചി-പുതുക്കോട്ട ദേശീയപാതയോട് ചേർന്ന ചുറ്റുമതിലിെൻറ അമ്പതടിയോളം ഭാഗം പൊളിഞ്ഞുവീണു.
വിമാനത്തിെൻറ അടിഭാഗത്ത് കേടുപാടുകൾ സംഭവിച്ചുവെങ്കിലും എൻജിനും മറ്റു യന്ത്രഭാഗങ്ങൾക്കും കുഴപ്പമില്ലാത്തതിനാൽ യാത്ര തുടരാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. യാത്രക്കാർ ഭയന്ന് നിലവിളിച്ചപ്പോൾ വിമാനത്തിന് കുഴപ്പമില്ലെന്നും എല്ലാവരെയും സുരക്ഷിതരായി ദുബൈയിലെത്തിക്കുമെന്നും പൈലറ്റ് മൈക്കിലൂടെ അറിയിച്ചു. വിവരം മുൻകൂട്ടിയറിഞ്ഞ ദുബൈ വിമാനത്താവള അധികൃതർ ലാൻഡിങ്ങിന് അനുമതി നിഷേധിച്ചു.
തുടർന്ന് വിമാനം രാവിലെ 5.46ന് മുംബൈ വിമാനത്താവളത്തിലിറക്കി. 130 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പിന്നീട് യാത്രക്കാരെ മുംബൈയിൽനിന്ന് എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ ദുബൈയിലേക്ക് കൊണ്ടുപോയി. ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.